എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയെന്ന് വി മുരളീധരൻ

രാജ്യസഭയിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് വി മുരളീധരൻ പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. കേരളത്തിലെ സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. മാർഷലുകളെ അക്രമിച്ച ശേഷം മർദ്ദനമേറ്റന്ന് കെ.കെ രാഗേഷ് ആരോപിക്കുന്നു. കർഷകർക്ക് കാർഷികരംഗത്തെ പരിഷ്കാരനിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരൻ പറഞ്ഞു.