വയലാറിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്.

മലയാളിയുടെ മനസ്സിൽ മനുഷ്യ ഭാവനകളുടെ വ്യത്യസ്ത തലങ്ങൾ കോറിയിട്ട വയലാർ രാമവർമ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രമോദ് പയ്യന്നൂരിൻ്റെ സംവിധാനത്തിലാണ് മലയാളത്തിൻ്റെ പ്രിയ കവിക്ക് വെള്ളിത്തിരയിൽ സ്മരണ ഒരുങ്ങുന്നത്. കെട്ടുകഥ യ്ക്കും കേട്ട് കേൾവിക്കുമപ്പുറമുള്ള വയലാറിന്റെ പച്ചയായ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തക രുടെ ശ്രമം.
ദേവരാജൻ മാസ്റ്റർ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, തോപ്പിൽ ഭാസി, ജോൺ എബ്രഹാം, പ്രേംനസീർ, സത്യൻ, എന്നിങ്ങനെ പ്രമുഖർക്കൊപ്പമുള്ള നിമിഷങ്ങളടക്കം വയലാറിൻ്റെ ജീവിത ത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ അടക്കം ചിത്രത്തിലുണ്ടാകും.
വയലാറിന്റെ ജീവിതത്തിൽ സിനിമയ്ക്ക് യോജ്യമായ ഫിക്ഷനുകൾ ആവോളമുണ്ട്. ജീവിച്ച് കൊതി തീരാതെ പെട്ടെന്നുള്ള ദേഹവിയോഗം. യാത്രകൾ, ഡയറിയിൽ വരച്ച ഗാന്ധി ചിത്രങ്ങൾ, സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആരാധന, കൈയിൽ പഴ്‌സ് കരുതാത്ത ശീലം തുടങ്ങി, സിനിമയുടെ തിരക്കിലും ബഹളത്തിൽ നിന്നും മാറി മുഴുവൻ സമയവും കവിയായി മാറുന്നത് വരെ വയലാറിൻ്റെ ജീവിതത്തിൽ ആർക്കും അറിയത്ത കാര്യങ്ങൾ പറയാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ പ്രമോദ് പയ്യന്നൂർ പറഞ്ഞു. വയലാറിന്റെ അപ്രകാശിത വരികൾക്ക് സംഗീതരൂപം നൽകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റാമോജി സ്റ്റുഡിയോ, വയലാറിൻ്റെ നാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാവും ബിഗ്ബജറ്റിൽ പുതുതലമുറഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരും, സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകും. ജനുവരി അവസാന വാരത്തോടെ ചിത്രീകരണം ആരംഭിച്ച് അടുത്ത വേനലവധിയോടെ വയലാറിന്റെ ജീവിതം വെളളിത്തിരയിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.