‘കോവിഷീൽഡ് കോവാക്സിൻ സ്പുട്നിക് വി’ ഏതാണ് കൂടുതൽ ഫലപ്രദമായത്? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
ന്യൂഡെൽഹി: കൊറോണ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത് 2021 ജനുവരി 16 മുതലാണ്. തദ്ദേശീയമായ ‘കോവിഷീൽഡും’ ‘കോവാക്സിനും’ ഉപയോഗിച്ചാണ് വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ, അടുത്തിടെ റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ ഉപയോഗത്തിനും കേന്ദ്രസർക്കാർ അന്തിമാനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വാക്സിനുകളുടെ ഗുണമേന്മയിലും കാര്യക്ഷമതയിലും ആളുകൾ ആശയക്കുഴപ്പത്തിലാണ്. കൊറോണ വാക്സിനുകളെക്കുറിച്ച് ആളുകൾക്ക് ഉണ്ടായ വിവിധ സംശയങ്ങൾക്ക് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ പരിഹാരം നിർദ്ദേശിക്കുന്നു.
ആളുകൾ സ്വയം പ്രതിരോധ കുത്തിവയ്പ്പുകളുടെ ഫലപ്രാപ്തിയെ നിർണ്ണയിക്കരുതെന്ന് ഡോ. വി. കെ. പോൾ പറയുന്നു. ‘വാക്സിനേഷൻ മൂലം ആന്റിബോഡികൾ, സെൽ-മെഡിയേറ്റഡ് ഇമ്മ്യൂണിറ്റി, മെമ്മറി സെല്ലുകൾ എന്നിങ്ങനെ പലതരം പരിരക്ഷകൾ ശരീരത്തിന് ലഭിക്കുന്നു. മാത്രമല്ല, വാക്സിനുകളുടെ കാര്യക്ഷമതയെ കുറിച്ച് ഇതുവരെ വന്ന ഫലങ്ങൾ ട്രയൽ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനനുസരിച്ച് ഫലപ്രാപ്തിയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഡോ. ഗുലേറിയ വ്യക്തമാക്കി’.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ലഭ്യമായ എല്ലാ വാക്സിനുകളുടെയും ഫലപ്രാപ്തി 90 ശതമാനത്തിന് മുകളിലാണെന്നും, കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വി എന്നിവ ഫലപ്രാപ്തിയിൽ ഏകദേശം തുല്യത പാലിക്കുന്നുവെന്നും ഡോ. വി. കെ. പോൾ പറയുന്നു. അതിനാൽ ലഭ്യമായ വാക്സിൻ എടുക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിങ്ങളുടെ പ്രദേശത്ത് ഏത് വാക്സിൻ ലഭ്യമാണോ, ദയവായി മുന്നോട്ട് പോയി സ്വയം പ്രതിരോധ കുത്തിവയ്പ് നടത്തുക, അതുവഴി നിങ്ങളും കുടുംബവും സുരക്ഷിതരാണ്’. ഡോ. വി. കെ. പോൾ വ്യക്തമാക്കി.
വാക്സിനേഷനു ശേഷം ചില ആളുകൾ പോയി ആന്റിബോഡി പരിശോധന നടത്തുന്നുണ്ടെങ്കിലും ആന്റിബോഡികൾ മാത്രം ഒരു വ്യക്തിയുടെ പ്രതിരോധശേഷി നിർണ്ണയിക്കാനാവില്ലെന്നും, അതിനാൽ ആന്റിബോഡി പരിശോധനയുടെ ആവശ്യമില്ലെന്നും ഡോ. വി. കെ. പോൾ പറയുന്നു. ലഭ്യമായ വാക്സിൻ രണ്ട് ഡോസുകളും ശരിയായ സമയത്ത് എടുത്ത് കൊറോണ മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.