യുപിയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഝാൻസിയിൽ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അഞ്ചൽ അർചാരിയ, പുർഗേഷ് അമരിയ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മാർച്ച് 19ന് ഡൽഹി – ഒഡീഷ ട്രെയിനിൽ വെച്ചാണ് കന്യാസ്ത്രീകളെ അധിക്ഷേപിച്ച് കൈയേറ്റത്തിന് ശ്രമിച്ചത്.
സേക്രഡ് ഹാർട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ കന്യാസ്ത്രീമാർക്ക് നേരെയായിരുന്നു കൈയേറ്റശ്രമം. മതംമാറ്റാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മലയാളികൾ ഉൾപ്പെടെ നാല് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത്.
ഇവരിൽ രണ്ടുപേർ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേർ സാധാരണ വസ്ത്രവും. സന്യാസിനി പഠനം പൂർത്തിയാക്കിയ ഇരുവരും ഒഡീഷയിൽ നിന്നുള്ളവരായിരുന്നു. ഇവരെ വീട്ടിലാക്കാൻ പോകുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇവർക്കെതിരെ തിരിഞ്ഞത്. കാര്യം വിശദീകരിച്ചിട്ടും ആധാർ കാർഡ് ഉൾപ്പെടെ വിവരങ്ങൾ കാണിച്ചിട്ടും സംഘം ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി.
മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ട്രെയിനിൽ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്ബോൾ ഒരു സംഘം കൂകി വിളിച്ച് ഒപ്പം വന്നു. ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയച്ചത്.
സംഘ്പരിവാർ സംഘടനയായ ബജ്‌റംഗദൾ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കന്യാസ്ത്രീകൾ ചൂണ്ടിക്കാട്ടിയിരുന്നു. കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവർത്തകരാണെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് നയീം ഖാൻ മൻസൂരിയും പിന്നീട് വ്യക്തമാക്കിയിരുന്നു.