സുപ്രീം കോടതി ജഡ്ജിമാരായി മൂന്നു വനിതകള്‍ക്ക് ശുപാര്‍ശ; ജസ്റ്റിസ് ബി വി നാഗരത്നയ്ക്ക് നറുക്ക് വീണേക്കും
ന്യൂ ഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി മൂന്നു വനിതകള്‍ക്ക് ശുപാര്‍ശ. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്ബത് പേരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ നല്‍കിയത്.
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 2027ല്‍ ആയിരിക്കും നാഗരത്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക.
1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് നാഗരത്‌ന. ജസ്റ്റിസുമാരായ ഹിമാ കൊഹി, ബെലാ ത്രിവേദി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് വനിതാ ജഡ്ജിമാര്‍.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്.നരസിംഹ, ജസ്റ്റിസ് ശ്രീനിനാസ് ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ.മഹേശ്വരി, ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എം.എം.സുന്ദരേഷ് എന്നിവരുടെ പേരുകളും കൊളീജിയം സുപ്രീംകോടതിയിലേക്കു ശുപാര്‍ശ ചെയ്തു.