ബിജെപി സച്ചിനെ വാങ്ങിയപ്പോള്‍ മകനെ അംബാനി വാങ്ങി, അതേ താങ്ങുവിലയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്;വൈറല്‍ ട്വീറ്റ്

ചെന്നൈ: ഐ.പി.എല്‍ താരലേലത്തില്‍ ലിറ്റില്‍ ബ്ലാസ്റ്ററുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അംബാനി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ് വാങ്ങിയത് അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക്. ഇതിനു പിന്നാലെ സചിനെ പ്രതിസ്ഥാനത്തുനിര്‍ത്തി ട്വീറ്റുകളുടെ പ്രവാഹം കണ്ടിരുന്നു. ബി.ജെ.പി സചിനെ വാങ്ങിയപ്പോള്‍ മകന്‍ അര്‍ജുനെ അംബാനി വാങ്ങിയെന്നു വരെ നിരവധി പ്രതികരണങ്ങള്‍.
അതിലൊന്നാണ്, കാര്‍ഷിക സമര വേലിയേറ്റങ്ങളുടെ കാലത്ത് കൂടുതല്‍ വൈറലായത്. ”ഐ.പി.എല്‍ താരലേലത്തിനിടെ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ആരും വാങ്ങിയില്ല. അതിനാല്‍, അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നല്‍കി മുംബൈ ഇന്ത്യന്‍സ് (അംബാനി) അദ്ദേഹത്തെ വാങ്ങി. ഇനി ആരെങ്കിലും സചിന് പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു- മകനെ വിറ്റുപോയിരിക്കുന്നത് താങ്ങുവിലക്കാണെന്ന്… അതുതന്നെയാണ് ഇന്ത്യയിലെ കര്‍ഷകര്‍ തേടുന്നതെന്നും”.
ആയിരക്കണക്കിന് പേര്‍ റീട്വീറ്റ് ചെയ്ത ട്വീറ്റിന് ലൈക് നല്‍കിയത് അതിന്‍റെ അനേക ഇരട്ടി പേര്‍.
”സ്വന്തക്കാര്‍ വാങ്ങിയില്ലായിരുന്നുവെങ്കില്‍ അര്ജുന്ന് പോയി വീട്ടില്‍ വിശ്രമിക്കാമായിരുന്നു. പക്ഷേ, കര്‍ഷകര്‍ക്ക് അങ്ങനെ ഇരിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് എ.പി.എം.സികളില്ലാത്ത ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോള്‍ താങ്ങുവിലയിലും കുറഞ്ഞ പണത്തിന് കര്‍ഷകര്‍ സ്വന്തം വിളകള്‍ വില്‍ക്കേണ്ടിവരുന്നത്. കര്‍ഷക നിയമങ്ങള്‍ നടപ്പായാല്‍ അത് ഇന്ത്യ മൊത്തം വ്യാപിക്കും’- എന്നാണ് ഒരാളുടെ പ്രതികരണം. സത്യമായും പറഞ്ഞത് ശരിയെന്ന് മറ്റുള്ളവര്‍ പറയുന്നു.
എസിദ്ദു എന്ന ഹാന്ഡ്ലില്നിന്നാണ് ഈ ട്വീറ്റ്.
കര്‍ഷക സമരത്തെ അനുകൂലിച്ച് അമേരിക്കന്‍ പോപ് ഗായിക രിഹാനയും പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗുമുള്‍പെടെ രംഗത്തുവന്നത് ആഗോള ശ്രദ്ധ നേടിയതിനു പിന്നാലെ കര്‍ഷക സമരത്തില്‍ വിദേശ ഇടപെടല്‍ വേണ്ടെന്നുപറഞ്ഞ് സചിന്‍ ട്വിറ്ററില്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ ഒന്നാണെന്നും വിദേശ ശക്തികള്‍ ഈ വിഷയങ്ങളില്‍ ഇടപെടേണ്ടെന്നും ട്വീറ്റിട്ടതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഐ.പി.എല്‍ താരലേലവും വിഷയമായത്.