സമാധാനത്തോടെ ഒരുമിച്ച് മുന്നോട്ട് പോകാം; കർഷകർ രാജ്യത്തിൻറെ അവിഭാജ്യ ഘടകമാണ്: വിരാട് കോഹ്ലി

ന്യൂഡെൽഹി: കർഷകർ രാജ്യത്തിൻറെ അവിഭാജ്യ ഘടകമാണെന്നും അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറിൽ എല്ലാവരും ഐക്യത്തോടെ തുടരണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കർഷക പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ്
കോഹ്ലിയുടെ ട്വീറ്റ്.
സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാർട്ടികളും ചേർന്ന് സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുണ്ടെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
കർഷക സമരത്തിൽ ആദ്യമായാണ് വിരാട് കോഹ്ലി അഭിപ്രായം പറയുന്നത്. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുൻബെർഗ് എന്നിവർ ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
ഇതിൽ എതിർപ്പുമായാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യക്കാർക്ക് അറിയാമെന്നും പുറത്തുനിന്നുള്ള ഇടപെടൽ വേണ്ട എന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. തുടർന്ന് സച്ചിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് കർഷക പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും അഭിപ്രായപ്പെട്ടു.