കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേൽക്കാം. മുഖ്യമന്ത്രി

തിരുവനന്തപുരം / കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേൽക്കാമെന്ന്, എല്ലാവർക്കും ഹൃദയപൂർവം മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സരാശംസ നേർന്നു. ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം. കേരളത്തിന്റെ നൻമയ്ക്കായി തോളോടുതോൾ ചേർന്നു നിൽക്കാം മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.