മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല: സ്വപ്‌ന സുരേഷ്
കൊച്ചി: മാധ്യമങ്ങളില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്ന് സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോളാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന വ്യക്തമാക്കി. നിലവില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും അവര്‍ പറഞ്ഞു. കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്‌നയുടെ മാതാവ് പ്രഭ സുരേഷ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് സ്വപ്ന പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനെ തുടര്‍ന്ന് ജൂലൈ 11ന് ബംഗളൂരുവില്‍ നിന്നാണ് സ്വപ്‌ന അറസ്റ്റിലായത്. പിന്നീട് കാക്കനാട്, വിയ്യൂര്‍ ജയിലുകളില്‍ കഴിഞ്ഞശേഷം കോഫെപോസെ തടവുകാരിയായി ഒരു വര്‍ഷത്തോളമായി അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. ആറ് കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതയായത്.