യുഡിഎഫ് പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും വടകരയില്‍ ആര്‍എംപി മത്സരിക്കും.

കോഴിക്കോട് / നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ ആര്‍എംപി മത്സരിക്കും. കെകെ രമ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു ആണ് ഇക്കാര്യം അറിയിച്ചത്.
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമ കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോൾ 20000 വോട്ടുകള്‍ ആണ് നേടിയിരുന്നത്. ആര്‍എംപി അന്ന് തനിച്ചാണ് മല്‍സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി സികെ നാണുവിനായിരുന്നു അന്ന് വിജയം. ഇത്തവണ കെകെ രമ മല്‍സരിച്ചാൽ ആര്‍എംപിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ നടന്നിരുന്നു. കെകെ രമ മല്‍സരിക്കുന്ന പക്ഷം മാത്രമാണ് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ആര്‍എംപിയും തമ്മിൽ ധാരണയുണ്ടായിരുന്നു. ഈ ധാരണ ചില ആശയക്കുഴപ്പങ്ങൾ വരെ ഉണ്ടാക്കി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യത്യസ്തമായ നിലപാട് ആണ് വിഷയമായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ ജെഡിയുവിനാണ് വടകര സീറ്റ് നൽകിയിരുന്നത്. ജെഡിയു ഇപ്പോള്‍ യുഡിഎഫില്‍ ഇല്ലാത്ത സാഹചര്യത്തിൽ ആര്‍എംപിയെ ഉപയോഗിച്ച് മണ്ഡലം പിടിക്കാൻ യുഡിഎഫ് ശ്രമിച്ചേക്കും.