റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഇന്ത്യയിലേക്ക്

റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ ഈ സാഹചര്യത്തിൽ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. രാജ്യത്ത് കൊവിഡ് 19 കണക്കുകള്‍ കുതിച്ചുയരുന്നതിനിടെയാണ് റഷ്യൻ സര്‍ക്കാര്‍ ഏജൻസി വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സിൻ ഇന്ത്യ പരീക്ഷിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. വാക്സിൻ വികസനത്തിനും പരീക്ഷണത്തിനും ഉത്പാദനത്തിനുമായി ബന്ധപെട്ടു ഇരുസര്‍ക്കാരുകളും തമ്മിൽ ചര്‍ച്ച നടന്നു വരുകയാണ്.
റഷ്യൻ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ ഗവേഷണത്തിൻ്റെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയ വിവരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ വിവരങ്ങള്‍ ഉപയോഗിച്ച് ആണ് ഇന്ത്യയിൽ വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുക. ബയോടെക്ടനോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യൻ അംബാസഡര്‍ വെങ്കടേശ് വര്‍മയും ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഇതിനോടകം സൗദി അറേബ്യ, ഫിലിപ്പീൻസ്, യുഎഇ ബ്രസീൽ എന്നീ രാജ്യങ്ങളുായി റഷ്യ വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ലോകത്തെ ആദ്യ കൊവിഡ് 19 വാക്സിൻ എന്ന അവകാശവാദവുമായാണ് ഓഗസ്റ്റ് 11ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ തങ്ങളുടെ ‘സ്പുട്നിക് 5’ വാക്സിനെ പാട്ടി ലോകത്തോട് പറയുന്നത്. വാക്സിൻ റഷ്യ പുറത്തിറക്കുന്നതിനു മുൻപ് ആവശ്യത്തിന് ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ ഈ മാസം മുതൽ റഷ്യ പൊതുജനങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യാൻ ആരംഭിക്കുകയാണ്. റഷ്യൻ കൊവിഡ് വാക്സിൻ കുത്തിവെച്ചവരുടെ ശരീരത്തിൽ ശക്തമായ രോഗപ്രതിരോധശേഷിയുണ്ടായതായും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ദ ലാൻസറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വാക്സിൻ്റെ 1, 2 ഘട്ട ക്ലിനിക്കൽ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വാക്സിൻ നിര്‍മാണവുമായി സഹകരിക്കാൻ ഇന്ത്യയും റഷ്യയും തമ്മിൽ ചര്‍ച്ച നടത്തുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്.
ആരോഗ്യമേഖലയിലടക്കം റഷ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “പരമ്പരാഗത മേഖലകളിലുപരിയായി, കൃഷി, കൽക്കരി, മരുന്നുത്പാദനം, ആരോഗ്യം, ഡിജിറ്റൽ, ഐടി, മാനവവിഭവശേഷി കൈാാറ്റം, ആര്‍ട്ടിക്, ഫാര്‍ ഈസ്റ്റ്, ഗതാഗത മേഖലകളിൽ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്” എന്നായിരുന്നു ഇന്ത്യ – റഷ്യ യങ് സ്കോളേഴ്സ് ഇന്‍റര്‍നാഷണൽ കോൺഫറൻസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. അതേസമയം, ലോകത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. തിങ്കളാഴച മാത്രം 90,802 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പറയുന്നത്.