റംസിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പിതാവ്

റംസിയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ പിതാവ്. പ്രതിക്കെതിരെ മുൻകാല പ്രാബല്യത്തോടെ പോക്സോ ചുമത്തണമെന്നു ആവശ്യപ്പെട്ട് കൊണ്ട് പിതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ തന്നെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാൽ ഇവരുടെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബത്തെ പൂർണ്ണമായും പ്രതി ചേർക്കണം.
പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പായിരുന്നു കുട്ടിയെ ഇയാൾ ചൂഷണം ചെയ്തത്. അതിനാൽ പോക്സോ വകുപ്പു ചുമത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. പെൺകുട്ടിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഹാരിസ് വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം തട്ടിയെടുക്കുക എന്ന ആവശ്യത്തോടെയാണ് കുട്ടിയുമായി പ്രണയം സ്ഥാപിച്ചത്. ഇത്തരത്തിൽ പണം തട്ടിയെടുത്തതിനും കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.