ലോകാരോഗ്യ സംഘടനയും ബി ബി സി ഉൾപ്പടെ ഉള്ള ലോകോത്തോര മാധ്യമങ്ങളും വാനോളം പുകഴ്ത്തിയ കേരളത്തിൻ്റെ ആരോഗ്യ മേഖലക്ക് പുഴുവരിക്കുന്നുവോ.
പുഴുവരിക്കുന്ന കേരള മോഡൽ

ലോകാരോഗ്യ സംഘടനയും ബി ബി സി ഉൾപ്പടെ ഉള്ള ലോകോത്തോര മാധ്യമങ്ങളും വാനോളം പുകഴ്ത്തിയ കേരളത്തിൻ്റെ ആരോഗ്യ മേഖലക്ക് പുഴുവരിക്കുന്നുവോ.
ഗർഭിണിക്ക് ചികിത്സ കിട്ടാതെ ഇരട്ട നവജാത ശിശുക്കൾ മരിച്ചു എന്ന വാർത്ത മനുഷ്യ മനസാക്ഷിയെ വിളിച്ചുണർത്തിയ അതേ പകലിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആരോഗ്യമേഖലയിലെ കേരള മോഡലിനെ പുഴുവരിച്ച് തുടങ്ങിയത്. കോവിഡ് ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയായ വയോധികനെയാണ് ദേഹമാസകലം പുഴുവരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കൾ വകുപ്പ് മന്ത്രിക്ക് തന്നെ പരാതി നൽകിയത്.
രോഗികൾ കൂടുമ്പോൾ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കിക്കൊണ്ട് തന്നെ പറയട്ടെ രോഗം മാറിയില്ലെങ്കിലും മറ്റൊരു രോഗിയായി ആശുപത്രി വിടേണ്ടി വരുന്ന സ്ഥിതി ഒട്ടും ചേർന്നതല്ല. പ്രത്യേകിച്ചും കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക്.നല്ലതിനെ അംഗീകരിക്കാൻ മടിക്കുന്നവരല്ല മലയാളികൾ. ഇന്നുവരെ കേരള ചരിത്രത്തിൽ ഒരു ആരോഗ്യ മന്ത്രിയെയും അംഗീകരിക്കാത്ത വിധം ടീച്ചറമ്മ എന്ന പ്രയോഗം വരെ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് മലയാളികൾ ചാർത്തി കൊടുത്തു. എന്നാൽ കുറ്റകരമായ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഈ പറഞ്ഞ മുഴുവൻ സൽപ്പേരിനെയും ഒരോ ദിവസവും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. അത്രമേൽ കൈവിട്ടു പോവുന്നു നമ്മുടെ കേരള മോഡൽ. ഒരു കാരണം കാണിക്കൽ നോട്ടീസുകൊണ്ടോ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം ചെറിയ ശിക്ഷ നടപടികൾ കൊണ്ടോ, ഡിഎം ഒ യുടെ ഏറ്റുപറച്ചിൽ കൊണ്ടോ ആയില്ല. മറിച്ച് ആശുപത്രിയിലെത്തുന്ന ഒരോ രോഗിക്കും തൻ്റെ സുരക്ഷയെ കുറിച്ച് കൃത്യമായ വിശ്വാസം ഉണ്ടാകണം. അതിന് തക്കതായ നടപടികൾ ഉണ്ടായെ തീരു. ജീവൻ രക്ഷിക്കേണ്ടവർ തന്നെ കൃത്യവിലോപം കൊണ്ട് ജീവൻ ഹനിക്കുന്ന തരത്തിലേക്ക് എത്തുമ്പോൾ ഒരു ആനുകൂല്യവും ലഭിക്കാത്ത വണ്ണം അവർക്കെതിരെ ശിക്ഷാ നടപടിയുണ്ടാകണം. എങ്കിൽ മാത്രമെ ഈ പറഞ്ഞതു പോലുള്ള ഒരു സുരക്ഷ വിശ്വാസം ആതുരാലയങ്ങളെ സംബന്ധിച്ച് ജനങ്ങളിലുണ്ടാകൂ.
ഡോക്ടർമാർക്ക് ഒരു പ്രശനം വരുമ്പോൾ ഓടിയെത്തുന്ന , എത്ര തെറ്റുണ്ടായാലും ഡോക്ടർമാരെ സംരക്ഷിക്കാൻ ഓടിയെത്തുന്ന ഐ എം എ പോലുള്ള സംഘനകളും ഇത്തരം വിഷയങ്ങളിൽ നിലപാട് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഹപ്രവർത്തകരെ സംരക്ഷിക്കേണ്ട എന്നല്ല പക്ഷെ അപ്പുറം നിൽക്കുന്നവൻ്റെ നിസ്സഹായാവസ്ഥ കാണാനെങ്കിലും മനസുണ്ടാവണം.
മുഖ്യമന്ത്രിയുടെ പതിവ് ശൈലിയായ ഒറ്റപ്പെട്ട സംഭവമായെ ഇതിനെയും പരിഗണിക്കു. പക്ഷെ ഒരു ദിവസം തന്നെ ഒരേ മേഖലയിൽ രണ്ട് ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ അ സംഭവങ്ങളെ ഇങ്ങനെ ഒറ്റപ്പെടുത്താതിരിക്കാൻ അധികൃതർ കണ്ണു തുറന്നേ മതിയാവു.
എല്ലാവരും തെറ്റ് ഏറ്റ് പറഞ്ഞതുകൊണ്ടൊ സൗജന്യ ചികിത്സ അനുവദിച്ചതുകൊണ്ടോ ഉണ്ടാകുന്ന ഒരു താൽക്കാലിക പരിഹാരമല്ല ഇത്തരം വിഷയങ്ങളിൽ വേണ്ടത്.മറിച്ച് ഇനി ആവർത്തിക്കില്ലന്ന് ഉറപ്പാക്കുന്ന ഇടപെടലുകളാണ്. അതിലാവണം പുതിയ കേരള മോഡൽ പടുത്തുയർത്തേണ്ടത്.