CrimeKerala NewsLatest NewsUncategorized

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: കേരളം കടക്കാനുള്ള സാധ്യത ഇല്ല; പ്രതി ഉടൻ പിടിയിലാകുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട്

കൊച്ചി: മുളന്തുരുത്തിക്ക് സമീപം ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് എസ്. രാജേന്ദ്രൻ. രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നതെന്നും പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നൽകിയ മൊഴിയിൽ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭർത്താവ് വിശദമാക്കി. ചെങ്ങന്നൂരിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ പുനലൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിൻ കംപാർട്ടമെൻറിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവർ കൈവശമുണ്ടായിരുന്ന ഇയാൾ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനിൽ നിന്ന് ചാടിയത്.

പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ചത് നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button