പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താത്ക്കാലിക നിയമനം ; മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്
കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താത്ക്കാലിക നിയമനം നല്‍കിയതില്‍ വിവാദം. കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്.
കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറ് മാസത്തേക്ക് നിയമിച്ചത്.
നൂറ് പേരെ വിളിച്ചാണ് ഇന്റര്‍വ്യൂ നടത്തിയത്. എന്നാല്‍ ജോലി ലഭിച്ചത് നാല് പേര്‍ക്ക് മാത്രം. ഈ നാല് പേരില്‍ എങ്ങനെ കൊലപാതകക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ വന്നു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനം നടത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ആദ്യം വന്ന അപേക്ഷകള്‍ പരിഗണിച്ചാണ് ഇവരെ നിയമിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ജില്ലാ ആശുപത്രിയലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.