Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

പിണറായിക്ക് അൽപ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.

വിമർശനങ്ങൾ കേൾക്കുമ്പോൾ എല്ലാം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്പോൾ നിയന്ത്രണം വിടുകയും ചെയ്യുന്ന പിണറായി വിജയന് അത്തരം സന്ദർഭങ്ങളിലെല്ലാം അൽപ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആൾരൂപമാണ് പിണറായി. രാഷ്ട്രീയ വിമർശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പിണറായി വിജയൻ പരിവർത്തിപ്പിക്കുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

രാഷ്ട്രീയ വിമർശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പരിവർത്തിപ്പിച്ച നേതാവാണ് പിണറായി വിജയൻ. വിമർശനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്പോൾ നിയന്ത്രണം വിടുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം അൽപ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണ് നമ്മൾ കേട്ടത്. ആവർത്തനം കൊണ്ട് സാധാരണമായിത്തീർന്നതും കേട്ടുകേട്ട് ശീലിച്ചുപ്പോയതുമായ ഒന്നാണ് നമുക്കിപ്പോൾ പിണറായി വിജയൻ. അതുകൊണ്ടാണ്, ‘ഉറുമ്പിന് തീറ്റ കൊടുക്കാൻ മറക്കരുത്’ എന്ന വാചകം പിആർ ഏജൻസികൾ എഴുതിക്കൊടുത്ത കുറിപ്പടിയിൽ നിന്ന് അദ്ദേഹം വായിക്കുന്നത് കേട്ടപ്പോൾ കേരളം അമ്പരന്നുപോയത്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണുമ്പോൾ അറിയാതെ നമ്മളിൽ ചിരി പടരുന്നത്.

പിണറായി വിജയൻ പ്രകോപിതനായ ചില സന്ദർഭങ്ങൾ നോക്കൂ. പത്രവാർത്തകൾ കണ്ട് നിയന്ത്രണം വിട്ടപ്പോഴാണ് മാതൃഭൂമി പത്രാധിപരെ അദ്ദേഹം ‘എടോ ഗോപാലകൃഷ്ണാ..’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്, കൊല്ലത്ത് തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് പരിഭ്രാന്തനായപ്പോഴാണ്. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നുവിളിച്ചത്, മത്തായി ചാക്കോയുടെ മരണാസന്ന വേളയിൽ നടന്ന മതാനുഷ്ഠാന ചടങ്ങിലെ സത്യം വെളിപ്പെട്ടതിനെത്തുടർന്ന് സമചിത്തത നഷ്ടപ്പെട്ടപ്പോഴാണ്.

തിരുവനന്തപുരത്ത് സിപിഎം ബിജെപി ഒത്തുതീർപ്പ് ചർച്ച മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യുന്നതിലെ ജാള്യതയിൽ നിന്നാണ് അവരോട് ‘കടക്ക് പുറത്ത്’ എന്ന ആക്രോശമുണ്ടായത്. ടി പി ചന്ദ്രശേഖരൻ എന്ന ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റിന്റെ പടയോട്ടത്തിൽ സിപിഎം എന്ന പിണറായിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇളകുമോയെന്ന അങ്കലാപ്പിൽ നിന്നാണ്. ‘കുലംകുത്തി’ എന്ന ഏറ്റവും ഹീനമായ നാടുവാഴിഭാഷ ആ നാവിലൂടെ പുറത്തുവന്നത്. ടിപിയുടെ ചോര പിന്തുടർന്ന് വേട്ടയാടിയപ്പോഴാണ് പരിഭ്രാന്തനായി ‘കുലംകുത്തി എന്നും കുലംകുത്തി തന്നെ’ എന്നാവർത്തിച്ചത്. മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആൾരൂപമാണ് പിണറായി വിജയൻ. പാർട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാർട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേർതിരിവില്ലാതെ ആരെയും അധിക്ഷേപിക്കാൻ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്. നിയമസഭ പോലും ആ ആക്ഷേപവാക്കുകൾക്ക് വേദിയായി. പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോൽസുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാർട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു സാംസ്കാരിക നായികാനായകരും വിമർശനങ്ങളുമായി മുന്നോട്ടുവന്നിട്ടുമില്ല.

മല്ലയുദ്ധത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ടാണ്, അക്രമാസക്തി അടിസ്ഥാനവികാരമായി നിലനിൽക്കുന്ന ഇടതുപക്ഷ ആൾക്കൂട്ടത്തിന് പിണറായി വിജയൻ ഇരട്ടച്ചങ്കനായ ആരാധ്യപുരുഷനായി മാറുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ആ ആൾക്കൂട്ടത്തിലാണ് അദ്ദേഹത്തിന് ‘ഇതിഹാസം തീർത്ത രാജയായി’ വാഴാൻ കഴിയുന്നത്. അക്കൂട്ടത്തിൽ സാംസ്കാരിക നായകർ മുതൽ നവോത്ഥാന നായകർ വരെയുണ്ട്. കൊലയാളി സംഘങ്ങളും കൊള്ളസംഘങ്ങളും കൂലിയെഴുത്തുകാരുമുണ്ട്. സിനിമാ/നാടകങ്ങളിലെ നായക/വില്ലൻ വേഷക്കാരുണ്ട്. ജേർണലിസ്റ്റുകളും ഫെമിനിസ്റ്റുകളുമുണ്ട്.

പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളോട് ഏറ്റുമുട്ടലിന്റെ ഭാഷയിൽ മാത്രം സംസാരിച്ചുശീലിച്ച ‘ഇതിഹാസരാജ’, പാർട്ടി അടിമകളുടെ ആൾദൈവം തന്നെയാണ്. ഉൻമാദത്തിന്റെ മൂർധന്യത്തിൽ അടിമക്കൂട്ടം പുറപ്പെടുവിക്കുന്ന ഒച്ചയാണ്, ‘പിണറായി ഡാ!’ എന്ന വായ്ത്താരിയായി നാം കേൾക്കുന്നത്.ആ ഭക്തജനസംഘം കെട്ടിയുയർത്തിയ ദൈവബിംബത്തിനുനേരെയാണ് ‘തട്ടമിട്ട ഒരു താത്തക്കുട്ടി’ ‘മിസ്റ്റർ’ എന്നും ‘താൻ’ എന്നും വിളിച്ചുകൊണ്ട് വിരൽചൂണ്ടി ചോദ്യമുന്നയിച്ചത്. ആ ചോദ്യത്തിനുമുമ്പിൽ തകർന്നുവീഴുന്നത് പിണറായി വിജയന്റെ വ്യാജബിംബം മാത്രമല്ല, ഇടതുപക്ഷ ആൾക്കൂട്ടത്തിന്റെ കപടമായ ആത്മവിശ്വാസം കൂടിയാണ്. അപ്പോഴവർ പ്രകോപിതരാവും. രാഷ്ട്രീയ ശരികൾ മറന്നുപോകും. ഫാഷിസ്റ്റ് വിരുദ്ധതയുടെ മുഖംമൂടികൾ അഴിഞ്ഞുവീഴും. സംഘിഭാഷയിൽ ആക്രോശിക്കും. എല്ലാ നാട്യങ്ങളും വെളിപ്പെടും. അറിയാതെ ഓരിയിട്ടുപോകും. നിലാവ് കാണുമ്പോൾ അറിയാതെ ഓരിയിട്ടുപോകുന്ന നീലക്കുറുക്കൻമാർ ചരിത്രത്തിൽ മാത്രമല്ല, വർത്തമാനത്തിലുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button