Editor's ChoiceLatest NewsNationalNews

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ തൂക്കിയെറിഞ്ഞ തെന്തുകൊണ്ട്.

ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിപ്പിക്കുമ്പോൾ, പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി, സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയില്‍ മാത്രം 3.3 കോടി ഉപയോക്താക്കള്‍ ആണ് ഉള്ളത്. പ്രതിദിനം ശരാശരി 1.3 കോടി ഉപയോക്താക്കള്‍ രാജ്യത്ത് പബ്ജി കളിക്കുന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5 കോടി ആളുകളാണ് പബ്‍ജി ഇന്ത്യയില്‍ ഡൌണ്‍ലോഡ് ചെയ്തിരുന്നത്. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിൽ പെടും.

പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ടി മന്ത്രാലയം അറിയിക്കുന്നത്. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായി.

അജ്ഞാതനായ എതിരാളിയോട് പോരാടുന്ന യുദ്ധക്കളങ്ങളിൽ ഇനി ഇന്ത്യൻ യുവത്വം പടനയിക്കേണ്ടെന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട്. ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കുകൾ പ്രകാരം ആഗോള തലത്തിൽ 3.42 കോടി ആളുകളാണ് പബ്‌ജി ബാറ്റിൽ റോയൽ ഗെയിം ഇൻസ്റ്റാൾ ചെയ്തത്. അതിൽ 35.8% പേരും ഇന്ത്യയിൽ നിന്നാണ്. അതായത്ത് 1.22 കോടി ഉപയോക്താക്കളുമായി ഒന്നാം സ്ഥാനത്ത് ഇന്ത്യ നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിലെ 7.2% പേരാണ് ഗെയിം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.
ബാറ്റിൽ റോയൽ എന്ന ഗെയിമിലൂടെ പബ്ജി മൊബൈൽ ആപ് ഈ വർഷം ആദ്യ പകുതിയിൽ ആഗോളതലത്തിൽ നേടിയത് 130 കോടി ഡോളറിന്റെ വരുമാനമാണ്. പബ്ജിയുടെ ആജീവനാന്ത വരുമാനം ആകട്ടെ 300 കോടി ഡോളറെന്ന, 22,457 കോടി രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. ലോക്ഡൗണിൽ എല്ലാവരും വീടുകളിൽ മാത്രം ഒതുങ്ങിയ അവസരം ഗെയിമിന് സഹായകമായി. മാർച്ചിൽ പബ്ജി വരുമാനം റെക്കോർഡ് ആയ 27 കോടി ഡോളറിലെത്തി.

ജൂൺ 15ന് ലഡാക്കിൽ ചൈനയുമായി നടന്ന ഏറ്റുമുട്ടലിൽ 20 സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടികാട്ടി 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ ആദ്യം നിരോധിക്കുന്നത്. ചൈനയ്ക്കു മേൽ ഇന്ത്യ ജൂൺ അവസാനം നടത്തിയ ആദ്യ ഡിജിറ്റൽ സ്ട്രൈക്കിൽ ഇന്ത്യയിൽ ഏറ്റവും കൂടതൽ പ്രചാരമുള്ള ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകളാണ് അന്ന് നിരോധിക്കുന്നത്.
ഇതിനു പിറകെയാണ് ചൈനയുടെ സാമ്പത്തിക വളർച്ചക്ക് മറ്റൊരു പ്രഹരം കൂടി നൽകികൊണ്ട് ചൈനീസ് കളർ ടിവികളുടെ ഇറക്കുമതികളിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാജ്യത്തെ ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്തരമൊരു നീക്കം ഉണ്ടായത്. അപ്പോഴൊക്കെ എന്തുകൊണ്ട് പബ്‌ജി നിരോധിക്കുന്നില്ല എന്ന ചോദ്യം എല്ലാ മേഖലകളിൽ നിന്നും ഉയർന്നിരുന്നു.

ഒരു ഓൺലൈൻ മൾട്ടിപ്ലെയർ ബാറ്റിൽ റൊയേൽ ഗെയിമാണ് പബ്‌ജിയിൽ, അതിജീവനം അഥവാ സർവൈവൽ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെയാണ് ബാറ്റിൽ റൊയേൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പബ്‌ജിയിൽ ഒരു കളിയിൽ നൂറ് പേരുണ്ടാവും. ഈ നൂറു കളിക്കാർ ഒറ്റപ്പെട്ട വിവിധ ദ്വീപുകളിൽ എത്തുകയും, അവിടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും കാട്ടിൽ നിന്നും മലയിൽ നിന്നും മറ്റും യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും മറ്റും ശേഖരിച്ച്‌, പരസ്പരം യുദ്ധം ചെയ്യുകയുമാണ്. ഈ യുദ്ധത്തിൽ അവസാനം നിമിഷം വരെ അതിജീവിക്കുന്നവർ വിജയിക്കുകയാണ്. 2017ൽ ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം നിര്‍മാതാക്കളായ ബ്ലൂഹോളിന്റെ സഹോദരസ്ഥാപനമായ പബ്ജി കോർപറേഷനാണ് പബ്ജി നിർമിച്ചത്. ബ്രഡൽ ഗ്രീൻ രൂപകൽപന ചെയ്ത് 2017 ഡിസംബറിൽ പുറത്തിറക്കിയ പബ്ജിയുടെ സ്മാർട്‌ഫോൺ പതിപ്പ് രംഗപ്രവേശം ചെയ്തതോടെ പബ്ജിക്ക് പ്രചാരം വർധിക്കുകയായിരുന്നു.

പബ്‍ജി ചൈനീസ് നിർമിത ഗെയിം ആപ്ലിക്കേഷൻ അല്ല എന്നുള്ളതാണ് ആദ്യ നിരോധന പട്ടികയിൽ ഉൾപ്പെടാതിരുന്നതിന് പ്രധാന കാരണമായി വിദഗ്ധർ അന്ന് പറഞ്ഞിരുന്നത്. രാജ്യത്തിന്റെ കൗമാര മനസ്സുകളെ ഇത്രയധികം കീഴ്പ്പെടുത്തിയ മറ്റൊരു ഗെയിമും അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് മാനസിക നില തകരാറിലാകുന്നവരുടെയും, ആത്മഹത്യ ചെയ്യുന്നവരുടെയും വാർത്തകൾ വരെ ഇന്ത്യയിൽ നിരവധി ഉണ്ടായി. ഇതിനെ തുടർന്ന് പബ്‌ജിക്കെതിരെ മാതാപിതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പബ്ജി കളിക്കാനുള്ള കൂടുതൽ മെമറിയുള്ള ഫോണുകൾ വാങ്ങിക്കൊടുക്കാത്തിന്റെ പേരിൽ പോലും
രാജ്യത്ത് ആത്മഹത്യകളുണ്ടായി. വിവിധ കോളജുകളും സർവകലാശാലകളും നേരത്തേ തന്നെ പബ്‍ജിക്ക് നിരോധനം കൊണ്ടുവന്നിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും വിവരസുരക്ഷയെയും പ്രതിരോധ സംവിധാനത്തെയും ഉൾപ്പെടെ ബാധിക്കുന്നുവെന്നു കാട്ടിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ 118 ആപ്പുകൾക്കൊപ്പം പബ്‌ജിയും നിരോധിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button