കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ അലോപ്പതിക്കൊപ്പം ആയുർവേദ, ഹോമിയോ വിഭാഗത്തിൽ പെട്ട രോഗപ്രതിരോധ ചികിത്സ കൂടി നടക്കുമോ, അതോ ആയുർവേദക്കാരെ കൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കുറിപ്പിച്ച് രോഗികളുടെ മനോധൈര്യം കെടുത്തുമോ.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഒരുക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ (സിഎഫ്എല്‍ടിസി) അലോപ്പതിക്കൊപ്പം ആയുർവേദ, ഹോമിയോ ഡോക്റ്റർമാരെയും നിയമിക്കുകയാണ്. അലോപ്പതി ഇതര ചികിത്സ വിഭാഗങ്ങളിലെ ഡോക്ടർമാരെ നിയമിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ അവർക്കുള്ള ജോലി എന്താണ്. ആ വിഭാഗത്തിൽ പെട്ട രോഗപ്രതിരോധ ചികിത്സ കൂടി നടക്കുമോ. അതോ മറ്റു വിഭാഗങ്ങളിലെ ഡോക്റ്റർമാർ അലോപ്പതി മരുന്നുകൾ കുറിച്ചു കൊണ്ടുക്കേണ്ട അവസ്ഥയാണോ സർക്കാർ ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും, രോഗപ്രതിരോധത്തിനും പ്രതിരോധശേഷി വർധനയ്ക്കും നൽകിവരുന്ന ആയുർവേദ, ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് കാണുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കാനുള്ള നല്ല ബുദ്ധി സർക്കാരിന് ഉണ്ടാവുകയാണോ.
പകരം ആയുർവേദക്കാരെ കൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കുറിപ്പിച്ച് രോഗികളുടെ മനോധൈര്യം കെടുത്തരുത്. അതാണ് ലക്ഷ്യമെങ്കിൽ, തങ്ങൾ ആയുസിൽ പഠിക്കുകയോ, പരിശീലിക്കുകയോ ചെയ്യാത്ത മേഖലയിലേക്ക് ഇവരെ മാറ്റുന്നതിൽ ഒരൽപം പോലും ന്യായീകരിക്കാൻ ആവുന്നില്ല.

അലോപ്പതിക്കാരെ സവർണ്ണന്മാരായും ആയുർവേദ, ഹോമിയോ ഡോക്റ്റർമാർ വെറും താഴ്ന്നവരായും കാണുന്ന സമീപന രീതിയാണ് മാറ്റേണ്ടത്. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാവിധികൾ സർക്കാർ തന്നെ ശിപാർശ ചെയ്യുന്നതാണ്. സർക്കാരിന്റെ അമൃതം പദ്ധതിയും സ്വകാര്യമേഖലയിലെ ആയുർവേദ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ആയുർ ഷീൽഡിന്റെ കീഴിലുള്ള ഇമ്മ്യൂണിറ്റി ക്ലിനിക്കുകളും മറ്റും ഈ മേഖലയിൽ നിസ്തുലമായ പ്രവർത്തനമാണ് നിലവിൽ നടത്തി വരുന്നത്. എല്ലാ സർക്കാർ ഡോക്റ്റർമാരുടെയും, സേവനം ഫസ്റ്റ് ലൈൻ സെന്ററുകളിലേക്കു മാറ്റിയാൽ അമൃതം പദ്ധതിയുടെ മരണമണിയാകും മുഴങ്ങുക. മാത്രവുമല്ല, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആയുഷ് ഡോക്റ്റർമാർ എന്തു ചികിത്സ നൽകുമെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഏതായാലും, ആയുർവേദ, ഹോമിയോ ഡോക്റ്റർമാരെ അലോപ്പതി ഡോക്ടർമാരുടെ പരിചാരകരാക്കുന്നത് ശരിയല്ല. അത് അംഗീകരിക്കാനും ആവില്ല.
കൊവിഡ് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തി ചികിത്സിക്കുന്നത്. ഏതാണ്ട് 750 സിഎഫ്എല്‍ടിസികളിലായി എഴുപതിനായിരത്തിലേറെ രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിച്ചു വരുന്നത്. ഇതിനായി ഇപ്പോൾ തന്നെ 200 സെന്ററുകളിലായി 300 ഡോക്റ്റര്‍മാരെയും 600 നഴ്സുമാരെയും നൂറോളം മറ്റ് ജീവനക്കാരെയും നിയമിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി, ടെലിമെഡിസിന്‍ ആവശ്യമായ ലാൻഡ് ലൈനും ഇന്റര്‍നെറ്റ് സൗകര്യങ്ങളും, ആംബുലന്‍സ്, വെള്ളവും വൈദ്യുതിയും ഭക്ഷണവും ഉൾപ്പടെയുള്ള ക്രമീകരണങ്ങളാണ് സിഎഫ്എല്‍ടിസികളിൽ ഏർപ്പെടുത്തുന്നത്. എന്നാൽ ഇവിടെ അലോപ്പതി ചികിത്സ മാത്രമാണ് നൽകുക എന്നാണ് ഇതുവരെയുള്ള വിവരം.
കോവിഡിന്റെ നിലവിലുള്ള സാഹചര്യത്തിൽ പരമ്പരാഗത ചികിത്സാവിധികൾ കൂടി ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ ആയുർവേദ ചികിത്സയ്ക്ക് വിധേയരായ ഒരു ലക്ഷം പേരിൽ രോഗബാധിതരായത് 371 പേർ മാത്രമാണ് എന്ന സത്യം സംസ്ഥാന സർക്കാർ തന്നെയാണ് പറഞ്ഞിട്ടുള്ളത്. പന്തളം നഗരസഭയിലെ രണ്ടു വാർഡുകളിൽ ക്വാറന്റൈനിലായിരുന്ന 107 പേരും ഹോമിയോ പ്രതിരോധ മരുന്നു കഴിച്ച് നെഗറ്റീവായ വസ്തുതയും കണ്ണടച്ച് കളയാൻ ശ്രമിക്കരുത്. കൊവിഡ് ഭേദപ്പെടുത്താനോ, കോവിഡിനുള്ള മരുന്നായോ ഇമ്മ്യൂൺ ബൂസ്റ്ററുകൾ ഉപയോഗിക്കേണ്ട. മനുഷ്യന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗത്തിന്റെ ആഘാതം കുറയ്ക്കാനും സാധിക്കുമെങ്കിൽ അത്തരം ചികിത്സകൾ പരീക്ഷിക്കുവാൻ ഇനിയും മടിക്കുന്നത്, ആർക്കുവേണ്ടിയാണ്. ആരെ തോൽപ്പിക്കാൻ വേണ്ടിയാണ്.ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഒരു രൂപ മാത്രം വില വരുന്ന മരുന്ന് കൊണ്ട് ഒരാൾക്ക് രോഗം പിടിപെടാതെ ചെറുക്കാനായാൽ അതൊരു പുണ്ണ്യമാണെന്നെകിലും കരുതേണ്ടേ. മറ്റു ചില പ്രത്യേക താത്പര്യങ്ങളുടെ പേരിൽ രോഗം പിടിപെടാതെ ചെറുക്കാനുപകരിക്കുമെന്ന് കാലം തെളിയിക്കപെട്ട മരുന്നുകളെ തള്ളിക്കളയുകയല്ല വേണ്ടത്. അലോപ്പതിമാത്രമാണ് ചികിത്സ വിജയം എന്ന ദാർഢ്യം ആണ് വലിച്ചെറിയേണ്ടത്. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാവിധികൾ സർക്കാർ തന്നെ ശിപാർശ ചെയ്യുന്നതാണെന്ന സത്യം മറന്ന് കളയരുത്.
വള്ളിക്കീഴൻ