സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും 45 ലക്ഷം കൂടി കണ്ടെത്തി, ഡിപ്പോസിറ്റുകൾ മരവിപ്പിച്ചു, സ്വർണ്ണം കടത്തിയപ്പോൾ നൂറിലെ തവണ സ്വപ്ന അറ്റാഷെയെ വിളിച്ചിരുന്നു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. എസ്ബിഐ ബാങ്ക് ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണ് കസ്റ്റംസ്
ഇപ്പോൾ കണ്ടെടുത്തത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ പേരിലുള്ള ലോക്കറിൽ നിന്നും കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാൻ ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം,സ്വർണം കടത്തിയ ദിവസങ്ങളിൽ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണിൽ വിളിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജൂൺ 30 മുതൽ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഏറെ തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.
ഇതിനിടെ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണെന്നു പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ് ഐ.ടി വകുപ്പിണ് മറുപടി നൽകി. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്ഐടിഐഎൽ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാർശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു.