CovidKerala NewsLatest NewsLocal News

കോവിഡിനെക്കാള്‍ മോശമായ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുത്.

കോവിഡ് വ്യാപന ഭീതി കൂടുന്ന നേരത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. സര്‍ക്കാറിനും പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ ഒരേപോലെ ബാധ്യതയുണ്ട്. കോവിഡിനെ മുന്‍നിര്‍ത്തി രാഷ്ട്രീയക്കളി നടത്തുന്നത് ഒട്ടും നന്നല്ല. ഡോക്ടർ ആസാദിന്റെ ഫേസ് ബുക്ക് പോസ്റ്റ് പറയുന്നു.

സമരം ചെയ്യുന്നവരെ കോവിഡ് രോഗം പരത്തുന്നവരായി എങ്ങുമുള്ള സര്‍ക്കാറുകള്‍ വിശേഷിപ്പിക്കും. ലോകത്ത് ഏറ്റവുമേറെ കോവിഡ് പ്രഹരമേറ്റ അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് വധത്തെ തുടര്‍ന്നു പൗരസമൂഹം പ്രക്ഷോഭ രംഗത്തിറങ്ങുന്നത് നാം കണ്ടു. അത് ആളിപ്പടരുകയും ചെയ്തു. കൊറോണ വൈറസ്സുകള്‍ സൃഷ്ടിക്കുന്നതിലും വലിയ ആഘാതം ഭരണകൂടം സൃഷ്ടിക്കുമ്പോള്‍ ജനങ്ങള്‍ പുറത്തിറങ്ങി സംഘടിതരാവും. അത് ലോകം മുഴുവന്‍ സംഭവിക്കുന്നുണ്ട്.
രാജ്യത്തിന്റെ പലഭാഗത്തും ജനങ്ങള്‍ സമര രംഗത്തുണ്ട്. ഇടതും വലതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്നുമുണ്ട്. കഴിയുന്നത്രയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടാവണം അവര്‍. എങ്കിലും കൂട്ടം ചേരലും പ്രതിഷേധവും ഒഴിവാക്കാനാവുന്നില്ല.

കേരളത്തില്‍ പൗരസമൂഹത്തിന് സഞ്ചാര/ കൂട്ടം ചേരല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രതിഷേധാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് സര്‍ക്കാര്‍. ദേശീയ പാതയോ പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനലോ മണല്‍ – പാറ ഖനനങ്ങളോ സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുന്നിടത്തൊക്കെ കൂടിയാലോചനകള്‍ നടത്താതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നു. ചെങ്ങോട്ടുമലയിലും വെന്നിയൂരും അതിരപ്പിള്ളിയിലും തോട്ടപ്പള്ളിയിലും പ്രതിഷേധമുയരുന്നതു നാം കണ്ടു.

പുതുവൈപ്പില്‍ ചൊവ്വാഴ്ച്ച നിയമം ലംഘിച്ചും പ്രതിഷേധിക്കുമെന്ന് പദ്ധതിയുടെ ഇരകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവിടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ പൊലീസ് സേനയെ വിന്യസിക്കുന്നത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടല്ല.

ജനങ്ങള്‍ക്കു മാത്രം ബാധകമാകുന്ന കോവിഡ് അച്ചടക്കം സംശയകരമാണ്. ഭരണകൂട സംവിധാനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിന്യസിക്കുമ്പോള്‍ പത്തു പേരിലധികം കൂടരുതെന്നോ അകലം പാലിക്കണമെന്നോ നിര്‍ബന്ധമില്ല! ഈ ഇരട്ടത്താപ്പ് സര്‍ക്കാറിന്റെ ജനവിരുദ്ധതയാണ് തുറന്നുകാട്ടുന്നത്. വികസന തീവ്രവാദത്തിന്റെ ഇരകളായി പുറംതള്ളപ്പെടുന്ന നിരാലംബ വിഭാഗങ്ങള്‍ക്ക് കോവിഡിനെയല്ല കൂടുതല്‍ പേടി. അതിനാല്‍ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടണമെന്നും ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കില്‍ തര്‍ക്കപദ്ധതികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കുകയാണ് ആദ്യം വേണ്ടത്.
പൂന്തുറയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്, ഇനിയെന്താണ് പരിഹാരം?
ഭരണകേന്ദ്രത്തില്‍ ജനാധിപത്യ മൂല്യത്തിനും കീഴ് വഴക്കത്തിനും നിരക്കാത്ത നടപടികള്‍ കണ്ടാല്‍ ജനം പ്രകോപിതരാവും. അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര രംഗത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും ഐ ടി വകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും കേട്ട വാര്‍ത്തകള്‍ പ്രതിഷേധജനകമാണ്. ജനങ്ങളത് പ്രകടിപ്പിക്കും.

ഈ കോവിഡ് കാലത്ത് രോഗം പരത്താനും മരണം വിതയ്ക്കാനുമാണ് അവര്‍ സമരം ചെയ്യുന്നതെന്ന് ദുര്‍വ്യാഖ്യാനം ചമച്ച് സര്‍ക്കാറിന് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷ വിഭാഗങ്ങളെയും ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന അന്വേഷണം നടക്കണം. ഉയരുന്ന ആവശ്യങ്ങളോടു മുഖംതിരിച്ചു കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചശേഷം കോവിഡിന്റെ മറവില്‍ ഒളിക്കാനാവില്ല. സമരം ചെയ്യുന്നവരെ ചര്‍ച്ചയ്ക്കു വിളിക്കണം. പൊതു സ്വീകാര്യമായ നടപടികള്‍ സ്വീകരിക്കണം.

പല ഏകാധിപത്യ ഭരണകൂടങ്ങളും കോവിഡ് സാഹചര്യത്തെ ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ക്കു സാധൂകരണമാക്കുന്നു. ഇതുതന്നെയാണ് നമ്മുടെ സംസ്ഥാനത്തും ചെയ്യുന്നതെന്ന് ആക്ഷേപിക്കാന്‍ ഇടവരുത്തരുതായിരുന്നു. കോവിഡ് ഭയം മരണഭയംതന്നെയാണ്. അത് എല്ലാവരിലുമുണ്ട്. എന്നിട്ടും ജീവന്‍ പണയംവെച്ച് പ്രക്ഷോഭത്തിനിറങ്ങുന്നുണ്ട് ജനങ്ങളെങ്കില്‍ മരണത്തെക്കാള്‍ ചീത്തയായ ഒരു ജീവിതസാഹചര്യമാണ് ഭരണകൂടം നല്‍കുന്നത് എന്നാണര്‍ത്ഥം. കോവിഡ് ഭീകരതയ്ക്കും ഭരണകൂട ഭീകരതയ്ക്കും ഇടയിലേക്കു തള്ളിവിടപ്പെടുകയാണ് ജനങ്ങള്‍ എന്നതാണ് വര്‍ത്തമാനയാഥാര്‍ത്ഥ്യം. ജനങ്ങള്‍ക്കുണ്ടാകുന്ന ഏതപായത്തിനും ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തം. ഫേസ് ബുക്ക് പോസ്റ്റിൽ ഡോക്ടർ ആസാദ് പറഞ്ഞിരിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button