
ഇന്ത്യയിൽ കൊവിഡ് ബാധിതർ ഒമ്പതു ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 ന് പുതുക്കിയ കണക്കു പ്രകാരം അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 28,498 പുതിയ കേസുകളാണ്. 553 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണം 23,727 ആയി. തുടർച്ചയായി അഞ്ചാം ദിവസമാണ് 26,000ൽ ഏറെ പേർക്ക് പുതുതായി രോഗം കണ്ടെത്തുന്നത്. 9,06,752 പേർക്കാണ് ഇതുവരെ രോഗബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇതുവരെ 5.71 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. റിക്കവറി നിരക്ക് 63 ശതമാനത്തിനു മുകളിലെത്തി. 6,497 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 2,60,924 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. 193 പേർ കൂടി സംസ്ഥാനത്തു മരിച്ചു. ഇതോടെ മരണസംഖ്യ 10,482 ആയി. 1.44 ലക്ഷം പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 1,05,931 പേരാണ് ആക്റ്റിവ് രോഗികളായുള്ളത്. പുതിയ 193 മരണങ്ങളിൽ നാൽപ്പത്തേഴും മുംബൈയിലാണ്. പുതിയ കേസുകളിൽ 1,158ഉം മുംബൈയിൽ തന്നെ. 55.38 ശതമാനം റിക്കവറി നിരക്കും 4.02 ശതമാനം മരണ നിരക്കുമാണ് സംസ്ഥാനത്ത്.
തമിഴ്നാട്ടിലെ കൊവിഡ് മരണ സംഖ്യ രണ്ടായിരം പിന്നിട്ടിട്ടുണ്ട്. തിങ്കളാഴ്ച 66 പേർ കൂടിയാണു സംസ്ഥാനത്തു മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 2,032 ആയി. 16.5 ലക്ഷം സാംപിളുകൾ ഇതുവരെ സംസ്ഥാനത്തു പരിശോധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 4328 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിൽ രോഗവ്യാപനത്തിന് തെല്ലും ആശ്വാസമാകുന്നില്ല. 1,42,798 ആയിട്ടുണ്ട് സംസ്ഥാനത്തെ മൊത്തം രോഗബാധിതർ. ഇതിൽ 78,573ഉം ചെന്നൈയിലാണ്. എന്നാൽ, പുതിയ രോഗബാധിതരിൽ ചെന്നൈയുടെ പങ്ക് അൽപ്പം കുറഞ്ഞിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത് 1,140 പേർക്കാണ്. ചെങ്കൽപേട്ടിലും തിരുവള്ളൂരിലും മധുരയിലുമെല്ലാം രോഗബാധിതർ ഏറുകയാണ്.
ഡൽഹിയിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇന്നലെ 1246 പുതിയ കേസുകളാണ് കണ്ടെത്തിയത്. മൊത്തം രോഗബാധിതർ 1,13,740. തുടർച്ചയായി മൂന്നാം ദിവസമാണ് രണ്ടായിരത്തിൽ താഴെ പുതിയ രോഗികളുണ്ടാവുന്നത്. അവസാന 24 മണിക്കൂറിൽ 40 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ ഇതോടെ 3,411 ആയിട്ടുണ്ട്. ഗുജറാത്തിൽ ഒരു ദിവസത്തെ റെക്കോഡ് വർധനയാണ് പുതിയ രോഗികളിൽ. 902 പേർക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് 42,808 പേർക്കായി ഇതുവരെ കൊവിഡ്. പത്തു പേർ കൂടിയാണു മരിച്ചത്. മൊത്തം മരണസംഖ്യ 2057. കർണാടകയ്ക്കു പുറമേ തെലങ്കാനയും പുതിയ രോഗികളിൽ വലിയ വർധന കാണിക്കുകയാണ്. 1550 പേർക്ക് തെലങ്കാനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 36,221 ആയി. ഒമ്പതു പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ തെലങ്കാനയിലെ മരണസംഖ്യ 365 ആയിട്ടുണ്ട്.