CrimeDeathKerala NewsLatest NewsLocal NewsNationalNewsUncategorized

ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിന്റെ ചുരുളുകൾ അഴിക്കാൻ പൊലീസിന് കഴിയുന്നില്ല.

മകളുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി വിദേശജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പിതാവ് ഹൈജിനസ് നീതി പടിവാതിലുകൾ കയറിയിറങ്ങുന്നത് തുടരുകയാണ്. മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിന്റെ ചുരുളുകൾ അഴിക്കാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.പല കേസുകളിലെയും പോലെ തന്നെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിയാവട്ടെ ജാമ്യം കിട്ടി പുറത്തിറങ്ങി വിലസുന്നു. മറ്റുകേസുകളെ കാൽ വിഭിന്നമായി ജാമ്യം കിട്ടിയ പ്രതിയാവട്ടെ ഇരയുടെ വീട്ടുകാരെ സോഷ്യൽ മീഡിയ വഴി ഭീക്ഷണിപ്പെടുത്തുന്നു, കുത്തി നോവിക്കുന്നു.. കഴിഞ്ഞ മാർച്ചിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഉല്ലാസ് പറഞ്ഞിരുന്നതെങ്കിലും അത് ഉണ്ടായില്ല.

മകളുടെ കുഞ്ഞിനെ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കുന്നതിനെ പറ്റിയാണ് പോലീസ് ആലോചിക്കുന്നത്. 2018 ഓഗസ്റ്റ് 28നാണ് ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 25ന് ബെംഗളൂരുവിലേക്ക് പോകുകയാണെന്നു പറഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയ ആൻലിയയെ പിന്നീട് കാണാതാകുകയായിരുന്നു. മകളുടെ മരണം ആത്മഹത്യ അല്ലെന്നും ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും കാണിച്ച് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ഭർതൃവീട്ടുകാരുടെ പീഡന വിവരങ്ങൾ ഉൾപ്പടെ ഉള്ള കാര്യങ്ങൾ പുറത്തുവരുന്നത്. ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ പോരായ്മകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇരയുടെ പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയും ആൻലിയയുടെ ഭർത്താവുമായ വി.എം.ജസ്റ്റിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ ഇയാൾ ജയിലിൽനിന്നിറങ്ങി.

തന്റെ മകള്‍ ആന്‍ലിയയെ വകവരുത്തുന്നതിനു മുമ്പ് ഭർത്താവ് ജസ്റ്റിൻ മൂന്ന് അഭിഭാഷകരുമായി ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി ആൻലിയയുടെ പിതാവ് മട്ടാഞ്ചേരി സ്വദേശി ഹൈജിനസ് പാറയ്ക്കൽ രംഗത്ത് വന്നിരിക്കുകയാണ്. മരിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും മകളുടെ കൊലയാളി അവളെ വെറുതെ വിടുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും ഹൈജിനസ് പാറയ്ക്കൽ ആരോപിക്കുന്നു. ജസ്റ്റിസ് ഫോർ ആൻലിയ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് പ്രതി ജസ്റ്റിനെതിരെ ഹൈജിനസ് ശക്തമായ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
‘വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി അതിലൂടെ നുണകൾ പ്രചരിപ്പിച്ച് എന്റെ ഉറക്കം കെടുത്തുകയാണ് ജസ്റ്റിൻ. ഫ്രണ്ട്സ് ലിസ്റ്റിൽ ആരുമില്ലാത്ത അക്കൗണ്ടുകളിലൂടെയാണ് ആൻലിയയെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളിലെത്തിമോശം കമന്റുകൾ ഇടുന്നത്. അവന്റെ കൂട്ടുകാരെക്കൊണ്ട് ദുബായിൽനിന്നും മറ്റും ഉണ്ടാക്കിയ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മകൾ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതാണെന്നും മാനസിക രോഗിയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. നേരത്തേ കയ്യിൽ വളകൊണ്ട് മുറിഞ്ഞ ചെറിയ പാട് കാണിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ പാടാണെന്നാണ് പ്രചരിപ്പിക്കുന്നത്.’ – ഹൈജിനസ് പറയുന്നു.

ആൻലിയ മരിച്ച് രണ്ടു വർഷം തികഞ്ഞപ്പോൾ, മരണം സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളിലും വന്നിരുന്നു. പിന്നാലെ ആൻലിയയുടെ മരണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ പിതാവിന് പിന്തുണയും അറിയിക്കുകയുണ്ടായി. ഇതോടെയാണ് വ്യാജ അക്കൗണ്ടുകളിലൂടെ ആൻലിയയ്ക്കെതെിരെ വ്യാജ പ്രചാരണം തുടങ്ങുന്നത്. ഇവക്കെല്ലാം പിന്നിൽ ജാമ്യത്തിലിറങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിൻ തന്നെ. അലക്സ് ജോൺ, സജീവ് മേനോൻ തുടങ്ങിയ പേരിലുള്ള അക്കൗണ്ടുകളിലൂടെയാണ് ഇരയുടെ വീട്ടുകാർക് നേരെയുള്ള ആക്രമണം നടക്കുന്നത്.
‘എന്നെയും കുടുംബത്തിനെയും മറ്റുള്ളവരെയും നീ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നതു തുടങ്ങിയിട്ട് രണ്ടുവർഷമായി. ഇനിയും കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ ജനങ്ങൾ വിഡ്ഢികളും പൊട്ടന്മാരുമല്ല. നിന്റെ ഈ പൊയ്മുഖം അടുത്തുതന്നെ തീരും. സൗദിയിൽ അവളുടെ കയ്യിൽ കിടന്ന കുപ്പിവള കൊണ്ട് കൈ ചെറുതായി മുറിഞ്ഞതാണ് നീ വലിയ സംഭവമാക്കി കാണിക്കുന്നത്. അതിനുളള തെളിവുകൾ ഞങ്ങൾ പൊലീസിനു കൊടുത്തിട്ടുണ്ട്. കള്ളത്തരം പറഞ്ഞു ജയിക്കും എന്ന് വക്കീൽ പറഞ്ഞതനുസരിച്ചാണ് കുറെ സംഭവങ്ങൾ ഉണ്ടാക്കുന്നത്. ഇതുവരെ ഞാനും കുടുംബവും പ്രതികരിക്കാതിരുന്നതു ഭയന്നിട്ട് അല്ല. മകൾക്കു നീതി കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ട് മാത്രമാണ്.

ക്രൈംബ്രാഞ്ച് പറഞ്ഞിട്ടാണ് ഇത്രനാളും മിണ്ടാതിരുന്നത്. ഈ ലോകത്ത് ഒരു സിനിമയിലും കാണാത്ത ഒരു വില്ലനാണ് നീ. അവിഹിത ബന്ധങ്ങളിലൂടെ പകർച്ചവ്യാധി പിടിച്ചപ്പോൾ മാറിക്കിടക്കണം എന്ന് അവൾ ആവശ്യപ്പെട്ടതാണ് നിന്റെ വൈരാഗ്യത്തിനു കാരണം. ഫേക്ക് അക്കൗണ്ടുകളിലൂടെ എന്തെങ്കിലും പറഞ്ഞാൽ സത്യങ്ങളെല്ലാം മൂടിപ്പോകും എന്ന് വിചാരിക്കരുത്. ഈ പോരാട്ടം മകളുടെ നീതിക്ക് വേണ്ടി മാത്രമല്ല. പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും ഭർതൃകുടുംബത്തിലെ പീഡനങ്ങൾ സഹിച്ചു കഴിയുന്ന എല്ലാ പെൺമക്കൾക്കും വേണ്ടിയാണ്’ – ഹൈജിനസ് ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button