ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ സലീഷ് വെട്ടിയാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു.

നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനും നടനുമായിരുന്ന സലീഷ് വെട്ടിയാട്ടില്‍ (40) അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
സലീഷിന്റെ പുതിയ ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വസതിയില്‍ വച്ച് നിർവഹിച്ച ശേഷം മടങ്ങവേയായിരുന്നു അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചിത്രം യു ട്യൂബില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മരണം സലീഷിനെ കവര്‍ന്നത്.
ദേശീയപാത അങ്കമാലി ടെല്‍ക്കിന് സമീപം സലീഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റെയില്‍വെ മേല്‍പ്പാലത്തിലെ ഇരുമ്പ് കൈവരിയില്‍ ഇടിച്ച് കയറുകയായിരുന്നു. തകര്‍ന്ന കാറില്‍ നിന്ന് അഗ്നി രക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് സലീഷിനെ പുറത്തെടുക്കാനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സലീഷ് മരണപെട്ടു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നൽകും. സലീഷ് സംവിധാനം ചെയ്ത ‘ലോക്ക് ഡൗണായ ഓണം’ പോസ്റ്റര്‍ കലാഭവന്‍ മണിയുടെ രാമന് സ്മാരക കലാഗൃഹത്തിൽ ഉച്ചയോടെ റിലീസ് ചെയ്തിരുന്നു. മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണനും അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകന് ജൂബില് രാജന് പി. ദേവും ചേര്‍ന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. തുടര്‍ന്ന് വൈകിട്ട് 7 മണിക്ക് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യാനിരിക്കും മുൻപാണ് അപകടം ഉണ്ടായത്. സലീഷ് സംവിധാനം ചെയ്ത പേരിടാത്ത സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിറുത്തിവച്ചിരിക്കുകയായിരുന്നു. ഏതാനും ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യം റിലീസ് ചെയ്യുന്നത് ലോക്ക് ഡൗണായ ഓണമാണ്. ചാലക്കുടി വെള്ളമുക്ക് സ്വദേശിയായ സലീഷ് തൃപ്പൂണിത്തുറയിൽ ആയിരുന്നു താമസം. ഭാര്യ : അബിത. മക്കള്‍ : ദേവിക, അഭിരാജ്.