സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; ശിവശങ്കറിനെ ചോദ്യം ചെയ്യും,പലയിടത്തും കസ്റ്റംസ് റെയ്ഡ്.

നയതന്ത്ര ബന്ധം മറയാക്കി രാജ്യ സുരക്ഷയെ പോലും ബാധിക്കും വിധം സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നുവന്ന സംഭവത്തിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ യോഗം ചേരുകയുണ്ടായി. കസ്റ്റംസിന്റെ കൈവശമുള്ള വിവരങ്ങള്‍ റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, രഹസ്യാന്വേഷണ വിഭാഗം, റോ എന്നിവക്കു കൂടി നൽകി തുടർ അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് വിവരം. ഇതിനിടെ ശിവശങ്കറിന്റെ ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാമോ എന്നറിയാനാണ് ചീഫ് ജസ്റ്റീസിന് വിട്ടത്.
സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ വിദേശയാത്രകളും ഇടപാടുകളും പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികള്‍ ദുരുപയോഗിച്ചതിനു പിന്നില്‍ ശിവശങ്കറുമായുള്ള വഴിവിട്ട ബന്ധമാണെന്ന സൂചനയാണുള്ളത്. കേസ് സാമ്പത്തിക കുറ്റകൃത്യം കൂടി ചേർന്നത് ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് ഉള്ള പുറപ്പാടിൽ തന്നെയാണ്. ഫെമ ചട്ടപ്രകാരം അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം.
സ്വപ്‌നയ്‌ക്കൊപ്പം ഒളിവില്‍ പോയ സന്ദീപ് നായര്‍ക്കായി കസ്റ്റംസ് തിരച്ചില്‍ നടത്തിവരുകയാണ്. കൊച്ചിയില്‍ ഇവര്‍ ഉണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇവരെ തിരുവനന്തപുരത്തുനിന്നും കടത്താന്‍ സഹായിച്ചവരെയും വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തില്‍ വിളിച്ച് ബാഗേജ് വിട്ടുകൊടുത്താത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച ഞാറയ്ക്കല്‍ സ്വദേശിയെയും, കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന്‍ നേതാവ് എന്നവകാശപ്പെടുന്ന ഹരിരാജിനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹരിരാജിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന കൊടുള്ളിയിലെ സ്വര്‍ണ വ്യാപാരി നിസാറിനെ ചോദ്യം ചെയ്തു. മലപ്പുറത്തെ പ്രമുഖ ജ്വല്ലറിയുടെ മരുമകനാണ് നിസാര്‍. കസ്റ്റംസ് പിടികൂടിയപ്പോള്‍ സരിത് ആദ്യം വിളിച്ചത് നിസാറിനെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയും സരിത്തുമായി ഒരു ബന്ധവുമില്ല. അറിയുകയുമില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് നിസാർ തുടർന്ന് പ്രതികരിച്ചിരിക്കുന്നത്.