പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു, വ്യാജ ഡോക്ടര്‍ മുങ്ങി.

ഉത്തര്‍പ്രദേശിലെ നോയിഡയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. മൃതദേഹങ്ങള്‍ പുറത്തിട്ട ശേഷം ക്ലിനിക് പൂട്ടി വ്യാജ ഡോക്ടര്‍ മുങ്ങി. 27 കാരിയായ യുവതിയും കുഞ്ഞുമാണ് മരണപ്പെട്ടത്.
നോയിഡയിലെ മമുറ പ്രദേശത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. ഷഹജാന്‍പൂര്‍ സ്വദേശിയായ രുചിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കമലേഷ് മമുറയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വാടകക്കായിരുന്നു കുടുംബം ഇവിടെ താമസിച്ചിരുന്നത്. ഭാര്യക്ക് ഒന്‍പതാം മാസമായിരുന്നെന്നും ഞായറാഴ്ച രാത്രി വേദന വന്നപ്പോഴാണ് വീടിനടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന് കമലേഷ് പറഞ്ഞു. രാത്രി മുഴുവനും കമലേഷും കുടുംബവും ആശുപത്രിയില്‍ കാത്തിരുന്നു. രാവിലെയായിട്ടും ഡോക്ടറെ കാണാത്തതിനാല്‍ അകത്ത് ചെന്ന് നോക്കുമ്പോഴാണ് ഭാര്യ മരിച്ച് കിടക്കുന്നതായി കണ്ടത്. ഡോക്ടറെ കാണാനുമില്ല. തുടര്‍ന്നാണ് കമലേഷ് പൊലീസിനെ സമീപിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ ചികിത്സ നടത്തിയിരുന്ന വനിതാ ഡോക്ടറുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇവര്‍ക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. വ്യാജ ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇവരെ പിടികൂടാനുളള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സെന്‍ട്രല്‍ നോയിഡ അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞിട്ടുണ്ട്.