

ചൈന ഇനി പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യൻ സൈനികരുടെ തോക്കുകളിൽ നിന്ന് തിരകളുതിരും. അതിർത്തിയിൽ ചൈന ഏതെങ്കിലും വിധമുള്ള പ്രകോപനമുണ്ടാക്കിയാൽ ഉടൻ തിരിച്ചടി നൽകാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യ സൈന്യത്തിന് നൽകി. 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനയോടാണ് പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർദേശം നൽകിയത്. ചൈനീസ് സേനയുടെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തക്കതായ മറിപടി നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാർത്ഥ അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) വഴി ചൈന നടത്തുന്ന ഏത് ആക്രമണവും നേരിടാൻ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. സൈനിക തലവന്മാരുടെ ഉന്നതതല യോഗത്തിലാണ് അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, നേവി ചീഫ് അഡ്മിറൽ കരമ്പിർ സിംഗ്, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ എന്നിവർ പങ്കെടുത്തു.
കര, വ്യോമാതിർത്തികൾ, തന്ത്രപ്രധാനമായ കടൽ പാതകൾ എന്നിവിടങ്ങളിലെ ചൈനീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച കർശന ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയിലേറെയായി കിഴക്കൻ ലഡാക്കിലെ പല പ്രദേശങ്ങളിലും ഇന്ത്യ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂൺ 15 ന് ഗാൽവാൻ വാലിയിൽ നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യം 20 ഇന്ത്യൻ സൈനികരെ വധിക്കുകയും 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളായത്.
അതേസമയം ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്ത് ആൾ നാശമുണ്ടായത് സംഭവിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മോസ്കോയിൽ നടന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിംഗ് റഷ്യയിലേക്ക് പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ഉന്നതതല യോഗം ചേർന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ സന്ദർശന വേളയിൽ ചർച്ചയ്ക്ക് വരുമെന്നും കരുതുന്നു.
Post Your Comments