പ്രളയ ഫണ്ട് തട്ടിയ സി.പി.എം നേതാക്കൾക്ക് ജാമ്യം കിട്ടാൻ പോലീസ് കുറ്റപത്രം നൽകിയില്ല.
NewsCrime

പ്രളയ ഫണ്ട് തട്ടിയ സി.പി.എം നേതാക്കൾക്ക് ജാമ്യം കിട്ടാൻ പോലീസ് കുറ്റപത്രം നൽകിയില്ല.

എറണാകുളത്ത് സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പു കേസിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടി. എങ്ങനെ കിട്ടി എന്നതാണ് മുഖ്യം. സി പി എം സഖാക്കൾക്ക് ജാമ്യം കിട്ടാൻ സംസ്ഥാന പോലീസ് തന്നെ സഹായിച്ചു. അതായത് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസമായിട്ടും, പ്രതികളെ സഹായിക്കാൻ വേണ്ടി മാത്രം പോലീസ് കുറ്റപത്രം ബോധപൂർവം സമർപ്പിച്ചില്ല. ഇക്കാര്യത്തിൽ കോടതി നിയമ വ്യവസ്ഥയാണ് നടപ്പാക്കിയത്. പ്രതി ഭാഗം വക്കീലിന്റെ വാദത്തിനു മുന്നിൽ നിയമത്തെ മുറുകെ പിടിക്കുന്ന നടപടി മാത്രമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. കേസിൽ കോടതിയുടെ ഭാഗത്തല്ല തെറ്റ്. കോടതിയുടെ മുൻപിൽ മുട്ട് നിവർത്തി നിൽക്കേണ്ട പോലീസ്, പ്രതികളെ സഹായിക്കാൻ തല കുമ്പിട്ട് നിന്നു. അതാണ് നടന്നത്.

ജനകീയ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തിയ സംഭവങ്ങൾക്ക് പിറകെ അതിനു ഉത്തരവാദികളായ സർക്കാരുകൾ നിലം പൊത്തിയ ചരിത്രമാണ് കേരളത്തിലുള്ളത്. നാട്ടിലെ ദരിദ്ര നാരായണൻ മാരുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വരാൻ ശ്രമിച്ചവരാണ് ഈ കേസിലെ പ്രതികൾ.
അവരെ പോലീസിനെ ഉപയോഗപ്പെടുത്തി രക്ഷപെടുത്താൻ, ഒരു ജാമ്യത്തിന്റെ കാര്യത്തിൽ എടുത്ത നടപടി ക്രൂരമായിപ്പോയി. ഇതൊരിക്കലും പിണറായി മുഖ്യമന്ത്രിയായ സർക്കാരിൽ നിന്നും സംസ്ഥാനത്തെ ജനത പ്രതീക്ഷിക്കാത്തതാണ്. ഇതൊരിക്കലും, ഞാനും പിണറായി വിജയനെപ്പോലൊരു കമ്മ്യുണിസ്റ് കാരനെന്നു ആത്മ വിശ്വാസം കൊള്ളുന്ന ഒരു യഥാർത്ഥ കമ്യുണിസ്റ്റുകാരനും ആഗ്രഹിക്കാത്തതുമാണ്.

ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി മഹേഷ്‌, ആറാം പ്രതിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ നിഥിൻ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ മാറ്റിയെന്ന കേസിലെ പ്രതികളാണിവർ.

കേസില്‍ കലക്ടറേറ്റ് ജീവനക്കാരനടക്കം ഏഴ് പേരെ വിജിലൻസ് പ്രതി ചേര്‍ത്തിരുന്നു. പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിന് പങ്കുണ്ടെന്ന് മാര്‍ച്ചില്‍ കണ്ടെത്തിയിരുന്നതാണ്. നിധിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.
ഇതിനിടയില്‍ എറണാകുളത്ത് സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയില്‍ 73 ലക്ഷം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന എ.ഡി.എമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര പരിശോധനയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടുതല്‍ പണം തട്ടിയതായും കണ്ടെത്തിയിരിക്കുകയാണ്. കേസുമായി ബന്ധപെട്ടു എ.ഡി.എം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകിയിട്ടുണ്ട്. എഴുപത്തി മൂന്ന് ലക്ഷത്തി പതിമൂവായിരത്തി നൂറ് രൂപയുടെ കുറവാണ് പുതിയ പരാതിയില്‍ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടറേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ നിരവധി ഫയലുകളാണ് അപ്രത്യക്ഷമായിട്ടുള്ളത്. നേരിട്ട് സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പുകളിൽ എടുത്തകേസിലെ പ്രതികളെയാണ് പോലീസ് ജാമ്യത്തിന്റെ കാര്യത്തിൽ രക്ഷിച്ചിരിക്കുന്നത്. ഇതിൽ നിന്ന്
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് കൈയ്യിലിട്ടുവാരിയവരെ കേസിന്റെ കാര്യത്തിലും സർക്കാർ സാഹായിക്കുമെന്നാണ് വിലയിരുത്തേണ്ടത്.

Related Articles

Post Your Comments

Back to top button