

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന ഹർജിയിന്മേൽ, കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതിയുടെ നിർദേശം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർദേശം ഉണ്ടായത്. ഇതു സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇതു പരിഗണിക്കുവാനായി നിവേദനം ലഭിക്കുന്നുവെങ്കിൽ, നിവേദനം പരിഗണിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജാരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ ഈ ഉത്തരവ് ഉണ്ടായത്.
ഓരോ എംബസികളിലും കോടികണക്കിനു രൂപ ഈ ഫണ്ടിലുണ്ടെന്നും ഇതുപയോഗിച്ചു അർഹരായ പ്രവാസികളെ അടിയന്തിര നാട്ടിലെത്തിക്കണമെന്നും സുപ്രീം കോടതി നിർദേശത്തെ തുടർന്നു വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപെട്ടിരുന്നു.. അതിഥി തൊഴിലാളികളെ സൗജന്യമായി അവരവരുടെ നാട്ടിലെത്തിക്കുന്നതു പോലെ ജോലിയും ശമ്പളവുമില്ലാതെ പ്രയാസ പെടുന്ന പാവപെട്ട പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് നാട്ടിലെത്തിക്കാൻ വേണ്ട നടപടി ഉണ്ടാവണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ പറയുന്നു. സമാനമായ ഹർജിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാനായി അപേക്ഷ പ്രവാസികൾ നൽകിയാൽ അത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നൽകിയ നിർദേശവും നിലനിൽക്കുകയാണ്.
Post Your Comments