ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.
NewsNational

ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.

കൊവിഡ് 19 എന്ന മഹാരിയെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണം ഉണ്ടാവുക. ജൂണ്‍ എട്ടുമുതല്‍ മറ്റിടങ്ങളില്‍ വിപുലമായ ഇളവുകളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക.

സംസ്ഥാനം കടന്നും ജില്ല കടന്നും യാത്രയ്ക്ക് അനുമതി നൽകി. സാഹചര്യങ്ങള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തിലുണ്ട്. മുന്‍കൂര്‍ അനുമതിയോ പാസോ വേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയുള്ള യാത്രാ നിരോധനം തുടരും.രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല. നൈറ്റ് കര്‍ഫ്യൂ ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്ന നൈറ്റ് കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി. തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കും. സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര പാടുള്ളൂ.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കും.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലായിടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഏര്‍പ്പെടുത്താം. പക്ഷേ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാകില്ല.

Related Articles

Post Your Comments

Back to top button