25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിൽ

ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. മേളയുടെ 25ാം വാർഷികമാണ് ഇത്തവണ എന്ന പ്രത്യേകതയുമുണ്ട്.
ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുക. ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാട
കരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെയ്സ്ബുക്ക്ക്കി പോസ്റ്റിലൂടെ അറിയിച്ചു.
മേളയുടെ മാർഗനിർദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 2019 സെപ്റ്റംബർ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തീകരിച്ച ചിത്രങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം. എൻട്രികൾ ഒക്ടോബർ 31ന് ഉള്ളിൽ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയൽ നവംബർ 2ന് മുൻപും അയച്ചിരിക്കണം.. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബർ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയൽ സമർപ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.
അതേ സമയം ഐ എഫ് എഫ് ഐ മാറ്റമില്ലാതെ നവംബറിൽ തന്നെ നടക്കുമെന്നാണ് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചത്.എന്നാൽ കോവിഡ് 19 ഭീതിക്കിടയിൽ മേള നടത്തുന്നതിൽ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഐ എഫ് എഫ് ഐ നടത്തുക മാത്രമല്ല ഗോവ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്നും തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. 20-25 കോടി രൂപയാണ് വർഷം തോറും ഈ മേളയ്ക്കായി ചെലവഴിക്കുന്നത്. പുറത്തുനിന്നുള്ള സാമ്പത്തിക സഹായമില്ലാതെ സർക്കാരിനത് ചെയ്യാൻ കഴിയില്ല. സാമ്പത്തിക സ്ഥിതി മോശമാണന്നിരിക്കെ നിലപാട് പുനപരിശോധിക്കണമെന്നും ആവശ്യമുണ്ട്.