ബാബറി മസ്ജിദ് കേസിൽ ബുധനാഴ്ച വിധി പറയും

ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ബുധനാഴ്ച സിബിഐ കോടതി വിധി പറയും. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹർ ജോഷി തുടങ്ങിയവർ പ്രതിയായ കേസിലാണ് നാളെ വിധി പുറപ്പെടുവിക്കുക.
1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് പൊളിച്ചുനീക്കിയത്. അന്ന് തന്നെ കർസേവകർക്കെതിരെ ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നീടാണ് അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും ഉമാഭാരതിയെയും പ്രതിചേർത്തത്. ഇവരെയടക്കം 45 പേരെയാണ് അധികമായി പ്രതി ചേർത്തത്.
1993ൽ ഈ കേസിനായി പ്രത്യേക സിബിഐ കോടതി രൂപീകരിച്ചു. 2017ൽ സുപ്രീം കോടതി കേസ് ലഖ്നൗ കോടതിയിലേക്ക് മാറ്റി. 2019ൽ ജൂലായിൽ ഒമ്പത് മാസത്തെ കാലാവധിക്കുള്ളിൽ കേസ് തീർപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നീട് സ്പെഷ്യൽ ജഡ്ജി ആറ് മാസം കൂടി സമയം നീട്ടി ചോദിച്ചു. പിന്നീട് ഓഗസ്റ്റ് 31നകം വിധിപറയണമെന്ന് നിർദേശിച്ചു. ഓഗസ്റ്റിൽ വീണ്ടും സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി.