CovidEducationHealthLatest NewsNationalNews

നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്ന്, ഐ.സി.എം.ആര്‍.

ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുന്ന പ്രഖ്യാപനം വിവാദമായതോടെ അതിനുള്ള വിശദീകരണവുമായി ഐ.സി.എം.ആര്‍ രംഗത്ത് വന്നു. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്നും, നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്‍.വ്യക്തമാക്കി.
മനുഷ്യരിലും മൃഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തും. ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തി വരുന്നത്.
അതേസമയം, വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ തത്വങ്ങളും നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ തിയതി പ്രഖ്യാപിച്ച് വാക്സിന്‍ പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞത്. ‘ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്സിന്‍ പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്’, എന്നാണ് ജെസനി പറഞ്ഞത്.
ഐ.സി.എം.ആറിലെ ബയോ എത്തിക്സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത മുത്തുസ്വാമിയും മുൻകൂട്ടി തീയതി പ്രഖ്യാപിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച് അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറയുകയുണ്ടായി. ‘സമയം വളരെ കുറവാണ്. ഒരു മാസം കൊണ്ടൊക്കെ വാക്സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്. ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും’, മുത്തുസ്വാമി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button