ബലാത്സംഗക്കേസ് ഒതുക്കാൻ 35 ലക്ഷം കൈക്കൂലി, വനിതാ പൊലീസ് സബ് ഇന്‍സ്പെക്ടർ കുടുങ്ങി.

ബലാത്സംഗക്കേസിലെ പ്രതിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വനിതാ എസ്.ഐ ആവശ്യപ്പെട്ടത് 35 ലക്ഷം രൂപ കൈക്കൂലി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വനിതാ പൊലീസ് സബ് ഇന്‍സ്പെക്ടറായ ശ്വേത ജഡേജ ഇതോടെ അറസ്റ്റിലായി. അഹമ്മദാബാദിലെ വെസ്റ്റ് മഹിള സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് ശ്വേത. മാനഭംഗക്കേസില്‍ നിന്നൊഴിവാക്കാന്‍ ആരോപണവിധേയനായ വ്യക്തിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.
അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ രണ്ട് യുവതികള്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് ശ്വേത അനധികൃത ഇടപെടല്‍ നടത്തിയത്. സ്ഥാപന ഉടമയായ കെനല്‍ ഷാ എന്നയാള്‍ക്കെതിരെയാണ് യുവതികളുടെ പരാതി. ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതികളുടെ പരാതി. ഈ കേസില്‍ കെനല്‍ ശര്‍മ്മയ്‌ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് ആക്‌ട് (പി.എ.എസ്.എ) ചുമത്താതിരിക്കുന്നതിനാണ് ശ്വേത 35 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പി.എ.എസ്.എ ചുമത്തപ്പെട്ട പ്രതികളെ ജില്ലയ്ക്ക് പുറത്തുള്ള ജയിയിലേക്ക് അയയ്ക്കാനാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിയുടെ സഹോദരനെ ഭീഷണിപ്പെടുത്തിയ ശ്വേത ആദ്യ ഘഡുവായി 20 ലക്ഷം രൂപ കൈപ്പറ്റി. ബാക്കി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുന്നത്.