പ്രവാസികളുടെ പണം നിലയ്ക്കുന്നു; കേരളം പടുകുഴിയിലേക്ക്
തിരുവനന്തപുരം: കേരള മോഡലിനെക്കുറിച്ച് അഹോരാത്രം പാടിപ്പുകഴ്ത്തിയവര്‍ മൗനത്തിലേക്ക്. വരവിലേറെ ചിലവുമായി കേരളീയരുടെ ധൂര്‍ത്ത് എല്ലാവരെയും അമ്പരിപ്പിച്ച കാലവും കഴിയുകയാണ്. പ്രവാസികള്‍ അഹോരാത്രം പണിയെടുത്ത് കേരളത്തിലേക്കയച്ചിരുന്ന പൈസ കൊറോണ വ്യാപനത്തോടെ നിലയ്ക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മിക്കവരും ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവന്നെങ്കിലും എന്‍ആര്‍ഐ അക്കൗണ്ടില്‍ പൈസയുടെ കുത്തൊഴുക്കായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം പ്രവാസികളുടെ പണം വരവില്‍ 10 ശതമാനം വര്‍ധനവുണ്ടായിരുന്നു. മൊത്തം വന്നത് 229636 കോടി രൂപയാണ്. ഈ പൈസ വന്നത് ജോലി ഉപേക്ഷിച്ചു മടങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സ്‌പെഷല്‍ ഫണ്ട് അയച്ചതുകൊണ്ടാണ്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഇതുവരെ ലോകത്തുനിന്നും മാറിയിട്ടില്ല. സാധാരണ നിലയിലേക്ക് ലോകരാജ്യങ്ങള്‍ മടങ്ങിയെത്താന്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കും. ഇത് കാര്യമായി ബാധിക്കുന്നത് കേരളത്തിനെ മാത്രമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം 15 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുള്ളതെന്ന് നോര്‍ക്ക അധികൃതര്‍ പറയുന്നു. ഇത്രയും പേര്‍ക്ക് കേരളത്തില്‍ ഒരു വരുമാനമാര്‍ഗം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ മലയാളികള്‍ ഇനിയെന്തു ചെയ്യുമെന്നറിയാതെ ഇരിക്കുകയാണ്.
വരുമാനത്തിന്റെ ഇരട്ടി ചിലവ് ചെയ്ത് ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞ് തങ്ങളിലേക്ക് ഒതുങ്ങിക്കൂടാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലോട്ടറിയും മദ്യവും വിറ്റുകിട്ടുന്ന വരുമാനത്തില്‍ നിന്നുമാത്രം കേരളത്തെ മുന്നോട്ടുനയിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. അധികം വൈകാതെ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലേക്കെത്തിയാല്‍ കേരളത്തിന്റെ നടുവൊടിയും.
ഇന്ത്യയിലെത്തുന്ന എന്‍ആര്‍ഐ ഫണ്ടിന്റെ 20 ശതമാനവും കേരളത്തിലാണ് എത്തുന്നത്. ഇത്രയുമേറെ പൈസ വരുന്നത് നിലച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേരളത്തെ എല്ലാ അര്‍ഥത്തിലും പിന്നോട്ടടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ വളരെ വൈകാതെ ഉടലെടുക്കാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പെട്ടെന്നുതന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ പട്ടിണി മരണം വരെ സംഭവിച്ചേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.