റിയാസും ഷംസീറും സിപിഎമ്മിന് തലവേദനയാകുന്നു
കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും തലശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള തര്‍ക്കം സിപിഎമ്മിന് തലവേദനയാകുന്നു. എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നിയമസഭയില്‍ സീനിയറായ ഷംസീറിനെ പരിഗണിക്കാതെ റിയാസിനെ മന്ത്രിയാക്കിയതുമുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നിയമസഭയില്‍ മന്ത്രി റിയാസ് പറഞ്ഞത് എംഎല്‍എമാരെ ആകെ സംശയാസ്പദമായി കാണുന്ന വിധത്തിലാണ്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംഎല്‍എമാര്‍ക്ക് പലരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടിവരുമെന്നും ഷംസീര്‍ നിയമസഭാകക്ഷിയോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് നിഷേധിച്ച മന്ത്രി റിയാസ് നിയമസഭയില്‍ പറഞ്ഞ കാര്യത്തില്‍ താനുറച്ചു നില്‍ക്കുന്നതായും വ്യക്തമാക്കി. താന്‍ നിയമസഭയില്‍ പറഞ്ഞത് ഇടതുമുന്നണി നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടക്കിടെ വിമത ശബ്ദമാകുന്ന ഷംസീര്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം നടത്തുന്നതിനു മുന്‍പേ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ റിയാസിനെ പിന്തുണച്ച് രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം വിജയരാഘവന്‍ റിയാസിനു പിന്തുണ പ്രഖ്യാപിച്ചതോടെ അതിന് പാര്‍ട്ടി പിന്തുണയെന്ന ഔദ്യോഗിക പരിവേഷവും ലഭിച്ചു. പൊതുവേ ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദ്ദേശങ്ങള്‍ സിപിഎം നല്‍കാറുണ്ടെന്നും അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയതെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.
നിയമസഭാകക്ഷിയോഗത്തില്‍ പാര്‍ട്ടി എംഎല്‍എയുടെ വിമര്‍ശനത്തെപ്പറ്റി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ താന്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു വിജയരാഘവന്‍ മറുപടി പറഞ്ഞത്. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് കാലതാമസം വരുന്നുവെന്ന ആക്ഷേപം നേരത്തേ മുതല്‍ ശക്തമാണ്. പത്തനാപുരം മണ്ഡലത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.ബി. ഗണേശ് കുമാര്‍ വിഷയത്തില്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് വാദിച്ച് ഗണേശിനെ ഷംസീര്‍ പിന്തുണച്ചിരുന്നു. സഭയുടെ കഴിഞ്ഞ സമ്മേളനത്തിലായിരുന്നു ഇത്.
തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖയുള്ളപ്പോള്‍ അഹങ്കാരത്തോടെ മറുപടി പറയുന്നത് ശരിയല്ലെന്നു ഷംസീര്‍ നിയമസഭാകക്ഷിയോഗത്തില്‍ തുറന്നടിച്ചെന്നാണ് വിവരം. യുവനേതാക്കള്‍ തമ്മിലുള്ള കിടമത്സരം പാര്‍ട്ടിക്കെതിരെ വര്‍ഗശത്രുക്കള്‍ ആയുധമാക്കുമെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നുണ്ട്. ഷംസീറും റിയാസും തമ്മിലുള്ള മത്സരം എന്തായാലും സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.