നയതന്ത്ര സ്വര്‍ണക്കടത്ത്: കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസില്‍ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല.
വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം കടത്തുന്നതിനു മുന്‍പന്തിയില്‍ നിന്ന പി.എസ്. സരിത്താണ് കേസിലെ ഒന്നാം പ്രതി. എം. ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണെന്ന് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോടും മലപ്പുറത്തുമുള്ളവരാണ് ഇതിനായി പണം മുടക്കിയിരുന്നത്.
2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്. ഈ സമയങ്ങളിലാണ് ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം ഉരുപ്പടികളാക്കി വിവിധ ജൂവലറികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികള്‍ക്കാണ് സ്വര്‍ണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ അവരെ ഇപ്പോള്‍ ഈ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.
അവര്‍ക്ക് നല്‍കിയിട്ടുള്ള ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയിലേക്ക് കസ്റ്റംസ് കടക്കുക. മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 2020 ജൂണ്‍ 30ന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേറ്റിന്റെ പേരില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളാണ് വിവാദമായ സ്വര്‍ണക്കടത്ത് കേസ്.
രഹസ്യ വിവരത്തെ തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തി ബാഗേജ് തടഞ്ഞു വച്ചു. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്ന സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ 50ല്‍ എറെ പേര് അറസ്റ്റിലായി. കസ്റ്റംസിനു പുറമേ എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികളും കേസ് അന്വേഷണം നടത്തി. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബെംഗളുരുവിലെത്തി എന്‍ഐഎ പിടികൂടി കൊച്ചിയിലെത്തിച്ചു. ഇതിനിടെ എം. ശിവശങ്കറും സന്ദീപ് പി. നായരും ഉള്‍പ്പടെയുള്ള പ്രതികള്‍ ജയില്‍ മോചിതരായി.