ജലവൈദ്യുത പദ്ധതിയുമായി സിയാല്‍
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നിര്‍മിച്ച ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ ആറിന്. സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയ സിയാല്‍ അരിപ്പാറയില്‍ പൂര്‍ത്തിയാക്കിയ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. കോവിഡിനെ തുടര്‍ന്ന് കാലതാമസവുമുണ്ടായെങ്കിലും സിയാലിന് പദ്ധതി വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാനായി. 4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളില്‍ നിന്നായി അഞ്ച ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടി അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്റ്റോക്ക് കുഴല്‍ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്.
52 കോടി രൂപയാണ് മൊത്തം ചിലവ്. 2015ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം വൈദ്യുതോത്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റണ്‍ ഓഫ് ദ റിവര്‍ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികള്‍ക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവാണ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്.
പൂര്‍ണതോതില്‍ ഒഴുക്കുള്ള നിലയില്‍ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വര്‍ഷത്തില്‍ 130 ദിവസമെങ്കിലും ഇത്തരത്തില്‍ വൈദ്യുതി ഉത്പാദനം സാധ്യമാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്ക് നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഈ മാസം ആദ്യം മുതല്‍ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം അധികം വൈകാതെ തന്നെ ഗ്രിഡിലേക്ക് വൈദ്യുത നല്‍കാന്‍ കഴിയുമെന്നാണ് സിയാല്‍ സൂചിപ്പിക്കുന്നത്.