EducationKerala NewsLatest NewsNews

വിദ്യാഭ്യാസത്തില്‍ വ്യക്തതയില്ലാതെ ഷാഹിദ കമാല്‍

തിരുവനന്തപുരം: തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ വ്യക്തത വരുത്താന്‍ കഴിയാതെ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ഡോക്ടറേറ്റ് വിവാദത്തില്‍ ലഭിച്ച പരാതിയില്‍ ലോകായുക്തയ്ക്കു നല്‍കിയ മറുപടിയില്‍ ഷാഹിദ തന്റെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയതിലും അവ്യക്തത നിറഞ്ഞുനില്‍ക്കുകയാണ്. 2009ല്‍ കാസര്‍ഗോഡ് ലോക്സഭ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭ സീറ്റിലും മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യത ബികോം ആണ് കാണിച്ചിരുന്നത്.

ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ബികോം പാസായിട്ടില്ലെന്നും കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലം തെറ്റായിരുന്നെന്നും 2015ലാണ് താന്‍ അണ്ണാമലൈ യൂണിവേഴ്സറ്റിയില്‍ നിന്ന് ഡിഗ്രിയും പിജിയും നേടിയെന്നാണ് ഷാഹിദയുടെ പുതിയ വാദം.

ഡോക്ടറേറ്റ് വിവാദത്തിലും ഷാഹിദയ്ക്ക് പുതിയ ന്യായീകരണമുണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയതെന്നാണ് ഷാഹിദ കമാല്‍ ആദ്യം പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഫേസ്ബുക്കിലും ഷാഹിദ കമാല്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ലോകായുക്തയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നത് ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചത് എന്നാണ്.

പല പ്രമുഖര്‍ക്കും പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും അത്തരമൊരു ഡോക്ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ്ക്കുന്നതിലോ തെറ്റില്ലെന്നുമാണ് ഷാഹിദ കമാല്‍ പറയുന്നത്. വനിത കമ്മിഷന്‍ അംഗമാകാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിത കമ്മിഷന്‍ വെബ്‌സൈറ്റില്‍ അവരുടെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button