Kerala NewsLatest NewsLocal NewsNationalNews

രാഷ്ട്രീയം നോക്കാതെ ആഗോളനയങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്ന് ഫേസ്ബുക്ക്, ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് രാഹുല്‍.

വിദ്വേഷ പ്രസംഗങ്ങളെ എതിര്‍ക്കുന്നുവെന്നും ആരുടേയും രാഷ്ട്രീയം നോക്കാതെ ആഗോളനയങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഫേസ്ബുക്ക്. അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഇടമൊരുക്കുന്നെന്ന വാദത്തെ ഫേസ്ബുക്ക് വക്താവ് നിഷേധിച്ചു.
‘അക്രമത്തെയും വിദ്വേഷ പ്രസംഗത്തെയും ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഞങ്ങള്‍ ഈ നയം സ്വീകരിച്ചിരിക്കുന്നത് ആഗോളമായാണ്. അത് ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല,’ ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഇതില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കൃത്യത ഉറപ്പുവരുത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ഫേസ് ബുക്ക് പറഞ്ഞിട്ടുണ്ട്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത തെലങ്കാനയില്‍ നിന്നുള്ള ബിജെപി എം.എല്‍.എ ടി. രാജാ സിംഗിന്റെ പ്രസ്താവന വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉന്നത എക്‌സിക്യൂട്ടീവ് അങ്കി ദാസ് ഭരണകക്ഷിയായ ബിജെപി അംഗങ്ങള്‍ക്ക് വേണ്ടി വിദ്വേഷ പ്രസംഗ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിക്കെതിരെ നിലകൊള്ളുന്നത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ബിസിനസ് തകര്‍ക്കാര്‍ കാരണമാകുമെന്നതുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അതേസമയം, ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഉണ്ടായത്. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ആര്‍.എസ്.എസും ബി.ജെ.പിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button