

സംസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണ്ണക്കടത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരാണ് സ്വപ്നാ സുരേഷെന്നും സ്വര്‍ണ്ണക്കടത്ത കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്നും പോസ്റ്റില്‍ ജ്യോതികുമാര്‍ ചോദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

സ്വര്‍ണ്ണക്കത്തിന് പിന്നിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷ് ആണെന്നും ഇവര്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി കസ്റ്റംസ് തെരച്ചിലും തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ജൂണ്‍ അവസാനത്തോടെ വന്ന ബാഗേജില്‍ കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അതേസമയം കിട്ടിയ വിവരത്തെ തുടര്‍ന്ന് ബാഗ് പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഈ ബാഗേജ് വിടണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചത് ആരാണെന്നും മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ജ്യേതികുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണവേട്ട സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍വച്ച് ഏറ്റവും വലുതാണ്. പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ് ഇങ്ങിനെ:
ആരാണ് സ്വപ്ന സുരേഷ് ?
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?
സ്വര്‍ണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടില്‍ നിയമിച്ചതാര് ?
ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?
ആരുടെ സ്വപ്നമാണ് വിമാനത്താവളത്തില്‍ പൊളിഞ്ഞത് ?
രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഒത്താശ ചെയ്തിട്ടുണ്ടോ ?
ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചതാര് ?
അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം….ജ്യോതികുമാര്‍ ചാമക്കാല തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നു.
Post Your Comments