

ചെെനീസ് മൊബെെൽ ആപ്പുകൾക്ക് പിറകെ ചെെനീസ് ടെലിവിഷനുകൾക്കും ഇന്ത്യ പൂട്ടിട്ടു. ചെെനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തി. രാജ്യത്തെ പ്രാദേശിക ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇറക്കുമതി നയം ഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റി ഭേദഗതി ചെയ്യുകയാണ് ഉണ്ടായത്.
ഇറക്കുമതി നയം ഭേദഗതി വരുത്തിയ സാഹചര്യത്തിൽ, ഇനി ചൈനയിൽനിന്നുള്ള ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ് വേണ്ടിവരും. ഇന്ത്യൻ വിപണിയിൽ ചൈനീസ് ടെലിവിഷനുകളുടെ കുത്തക തകർക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 35 സെന്റീമീറ്റർ മുതൽ 105 സെന്റീമീറ്റർ വരെ വലിപ്പമുള്ള സ്ക്രീനുകളുള്ള ടെലിവിഷനുകൾക്കാണ് നിയന്ത്രണം ബാധകമാവുക. 63 സെന്റീമീറ്റർ താഴെ വലിപ്പമുള്ള എൽ.സി.ഡി ടെലിവിഷനുകൾക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. നിരവധി കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ നിർമാണ യൂണിറ്റുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നതിനാൽ നിയന്ത്രണം രാജ്യത്തെ ടെലിവിഷൻ വിപണിയെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിലെ ടെലിവിഷൻ വിപണിയുടെ മൂല്യം 15,000 കോടി രൂപയാണ്. ഇതിന്റെ 36 ശതമാനവും ചൈനയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിയാണ്. ചൈന, വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ടെലിവിഷനുകൾ ഇറക്കുമതി ചെയ്തുവന്നിരുന്നത്.
Post Your Comments