AutoBusinessLatest NewsNationalNews

പഴയ വാഹനം ഫിറ്റല്ലെങ്കില്‍ പൊളിക്കും; പുതിയത് ഇളവുകളോടെ; പുതിയ പൊളിക്കല്‍ നയമിങ്ങനെ

ഏറെക്കാലമായി കാത്തിരുന്ന ‘പഴയ വാഹനം പൊളിക്കല്‍ നയ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച്‌ നിര്‍വഹിച്ചു. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ആദ്യം ഈ നയം അവതരിപ്പിച്ചത്. അതിനുശേഷം വൈകാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ നയത്തിന്റെ വിശദാംശങ്ങള്‍ ലോകസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഈ നയ പ്രകാരം, നിശ്ചിത കാലാവധിയ്ക്ക് ശേഷം വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം. ഈ പുതിയ നയത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും അത് നല്‍കുന്ന പ്രതീക്ഷകള്‍ എന്താണെന്നും നമുക്ക് പരിശോധിക്കാം.

പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയായാലാണ് വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരിക. പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വര്‍ഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വര്‍ഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിന് ശേഷം പഴക്കം ചെന്ന വാഹനങ്ങള്‍ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച്‌ അത് നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ പുനരുപയോഗം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ ഇത് സംബന്ധിച്ച നയങ്ങളൊന്നും നിലവിലില്ല, പഴക്കം ചെന്ന മിക്ക വാഹനങ്ങളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിക്കൊണ്ട് തുടര്‍ന്നും നിരത്തുകളില്‍ ഓടുകയോ പാതയോരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയോ ചെയ്യുന്നു.

എന്താണ് ഈ പോളിസിയുടെ ലക്ഷ്യം?

മുകളില്‍ വിശദീകരിച്ചതുപോലെ, ഒരു വാഹനം അതിന്റെ കാലാവധി കഴിയുമ്ബോള്‍ ഉപേക്ഷിക്കണം. വായു മലിനീകരണം കുറയ്ക്കുന്നതിനായി അവ റോഡുകളില്‍ ഓടുന്നത് നിര്‍ത്തും. കൂടാതെ, പഴയ വാഹനങ്ങളെ മാറ്റി പുതിയ വാഹനങ്ങള്‍ക്ക് ഇടം നല്‍കും. ഇത് ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍, നിര്‍ബന്ധമായും ഫിറ്റ്നസ് ടെസ്റ്റ് ആവശ്യമാണെന്നും നിതിന്‍ ഗഡ്കരി വിശദീകരിച്ചു.

 ലഭിക്കുന്ന സാമ്ബത്തിക ആനുകൂല്യങ്ങളെക്കുറിച്ചും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1) വാഹനം പൊളിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6% വരെയുള്ള പൊളിക്കല്‍ മൂല്യം ഉടമയ്ക്ക് നല്‍കും
2) റോഡ് നികുതിയില്‍ 25% വരെ ഇളവ് ലഭിക്കും
3) പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റിനെതിരെ പുതിയ വാഹനങ്ങള്‍ക്ക് 5% കിഴിവ് നല്‍കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും
4) വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല.

പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പി യു സി) പരിശോധന പോലെ തന്നെ ഒരു വാഹനം നിരത്തിലിറക്കാന്‍ യോഗ്യമാണോ എന്നും അത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുണ്ടോ എന്നും അറിയുന്നതിന് വേണ്ടിയുള്ള പരിശോധനയാണ് ഫിറ്റ്നസ് പരിശോധന. പക്ഷെ, അത് ഈ പരിശോധനയുടെ ഒരു വശം മാത്രമാണ്. വാഹനത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കാന്‍ ബ്രേക്ക് പരിശോധന, എഞ്ചിന്‍ പരിശോധന എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രങ്ങളിലാണ് ഈ പരിശോധനകള്‍ നടത്തുക എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

പി പി പി മോഡലിന് കീഴിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ഓരോ ഫിറ്റ്നസ് പരിശോധനയ്ക്കും ഏതാണ്ട് 30,000 മുതല്‍ 40,000 രൂപ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പോരാത്തതിന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഗ്രീന്‍ സെസ്സും ഈടാക്കും. ഈ അധിക ചെലവുകള്‍ ആ വാഹനം തുടര്‍ന്നും കൈവശം വെയ്ക്കുന്നതില്‍ നിന്ന് ഉടമകളെ പിന്തിരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ആ വാഹനം തുടര്‍ന്നും നിരത്തിലിറക്കാന്‍ കഴിയില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്. ആകെ മൂന്ന് തവണ മാത്രമേ ഒരു വാഹനം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം എന്തായാലും നിങ്ങളുടെ വാഹനം നിരത്തിലിറക്കാന്‍ കഴിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തിയെങ്കിലും വാഹനം പൊളിക്കാനുള്ള കേന്ദ്രങ്ങള്‍ ഇതുവരെ സജ്ജീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ നയം പ്രാബല്യത്തില്‍ വരാന്‍ ഇനിയും സമയമെടുക്കും. “2023 മുതല്‍ ഫിറ്റ്നസ് സംബന്ധിച്ച്‌ നിലവിലുള്ള നിയമ പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ 2024 ജൂണ്‍ മുതല്‍ ഈ നയം പ്രാബല്യത്തില്‍ വരുത്താനാണ് ഞങ്ങള്‍ ആലോചിക്കുന്നത്”, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സെക്രട്ടറി ഗിരിധര്‍ അരാമനെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button