നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു.

തിരുവനന്തപുരം / കാർഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളത്തെ നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. നടക്കാനിരുന്ന നിയമസഭ സമ്മേളനത്തിന് ഗവർണർ വിശദീകരണം തേടി. അടിയന്തര സാഹചര്യമില്ലെന്ന് അറിയിച്ച് ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു പിണറായി സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ഇതിനായി ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. രാജ്യമാകെ കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയ കാർഷിക നിയമത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഒരു മണിക്കൂർ മാത്രം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഡൽഹിയിലെ സമരത്തിന് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കാനാണ് സമ്മേളനം ചേരുന്നതെന്ന് കഴിഞ്ഞ ദിവസം സർക്കാർ വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇതിൽ ഗവർണർ വിശദീകരണം ചോദിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി. കൃഷി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ ഭേദഗതികൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.