ഞങ്ങള്‍ ടിക്ക്ടോക്ക് നിര്‍ത്തി, എന്നാ നിങ്ങടെ മീനില്‍ കൊറോണയുണ്ടെന്ന് ചൈന; വന്‍ പ്രതിസന്ധി

ബേപ്പൂര്‍: കയറ്റുമതി മത്സ്യങ്ങള്‍ക്ക് ചൈന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, സമുദ്രോല്പന്ന വിപണി സ്തംഭനാവസ്ഥയിലായി. ഇതോടെ, സംസ്ഥാനത്തെ കയറ്റുമതി വ്യാപാരികളും ഹാര്‍ബറുകളിലെ മൊത്ത മത്സ്യവിതരണക്കാരും വന്‍ പ്രതിസന്ധി നേരിടുകയാണ്.
പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കിയതോടെ, കയറ്റുമതി മത്സ്യങ്ങളുടെ വിലയിടിവിനും പേമെന്റ് വൈകുന്നതിനും കാരണമായി. എക്സ്പോര്‍ട്ടിങ് കമ്ബനികള്‍, സംസ്ഥാനത്തെ വിവിധ ഹാര്‍ബറുകളിലെ മൊത്ത മത്സ്യവിതരണക്കാര്‍ക്ക് കൃത്യമായി പണം നല്‍കുന്നതും ഇതോടെ മുടങ്ങി. ബോട്ടുടമകള്‍ക്ക് വന്‍ തുക ബാധ്യതയായതോടെ, ഹാര്‍ബറുകളിലെ മത്സ്യവിതരണ കച്ചവടക്കാരില്‍ പലരും ചരക്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്.
ഇന്ത്യന്‍ സമുദ്രോല്പന്നങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ചൈന. പ്രധാനമായും ചെമ്മീന്‍, കണവ (കൂന്തള്‍) തുടങ്ങിയവയാണ് സംസ്ഥാനത്തുനിന്ന് കയറ്റി അയക്കുന്നത്. കണവ മത്സ്യത്തിെന്റ പാക്കറ്റില്‍ കോവിഡ് വൈറസ് കണ്ടെത്തിയെന്ന പേരില്‍ ഡിസംബറില്‍ മത്സ്യ കയറ്റുമതികമ്പനികള്ക്ക് ചൈന ഒരാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പരിശോധന നിയമങ്ങള്‍ കര്‍ശനമാക്കിയത്. എന്നാല്‍, കണവ പാക്കറ്റില്‍ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കര്‍ശന പരിശോധനകള്‍ നടത്തി വൈറസുകളില്ലെന്ന് ഉറപ്പാക്കിയശേഷമാണ് സമുദ്രോല്പന്നങ്ങള് കയറ്റുമതി ചെയ്യുന്നത്. 25 ദിവസമെടുത്താണ് കണ്ടെയ്നറുകള്‍ ചൈനയിലെത്തുന്നത്. അത്രയും ദിവസം കോവിഡ് വൈറസ് നിലനില്‍ക്കില്ലെന്നും അഭിപ്രായമുണ്ട്.
കണ്ടെയ്നര്‍ ക്ഷാമം കാരണം, ഒക്ടോബര്‍ മുതല്‍ ലഭിച്ച ഓര്‍ഡറുകള്‍ പ്രകാരമുള്ള ചരക്കുകളയക്കാന് കഴിയുന്നില്ലെന്ന് കേരള സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അലക്സ് കെ. നൈനാന് അറിയിച്ചു. ചൈനയില്‍ എത്തിയ ചരക്കുകള്‍ ഡെലിവറിക്ക് താമസം നേരിടുന്നതിനാല്‍ കണ്ടെയ്നറുകള്‍ തിരിച്ചുവിളിച്ച് തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിലൂടെ കയറ്റുമതി കമ്ബനികള്‍ക്ക് വലിയ സാമ്ബത്തികനഷ്ടമാണ് ഉണ്ടാകുന്നത്.ചൈനയില്‍ മത്സ്യവുമായി കണ്ടെയ്നറുകള്‍ എത്തിയാല്‍ മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന നടപടികള്‍, ഇപ്പോള്‍ 25 ദിവസം വരെ നീണ്ടതോടെ, തിരിച്ചുകിട്ടുന്ന കണ്ടെയ്നറുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി.
ഇന്ത്യക്കെതിരായ രാഷ്ട്രീയനീക്കമാണ്, സമുദ്രോല്പന്ന കയറ്റുമതിക്ക് നിയന്ത്രണം കര്‍ശനമാക്കിയതിലൂടെ ചൈന നടത്തുന്നതെന്നും ആക്ഷേപമുണ്ട്. നയതന്ത്രതലത്തില്‍ കേന്ദ്ര-സംസ്ഥാന അധികൃതര്‍ ഇടപെട്ട്, സമുദ്രോല്പന്ന കയറ്റുമതിയിലെ നിലവിലെ സങ്കീര്‍ണതകള്‍ ലഘൂകരിച്ചില്ലെങ്കില്‍, സംസ്ഥാനത്തിന് 6000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന വിപണി അവതാളത്തിലാകും.