തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾ പാർട്ടി: കൊച്ചിയിൽ വിവാദനായകൻ നിപുൻ ചെറിയാൻ

കൊച്ചി: കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾ പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേയാണ് വിഫോ പാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനം. ഉദ്ഘാടനത്തിനു മുൻപേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തിൽ അറസ്റ്റിലായി വിവാദ നായകനായ വിഫോർ കേരള ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൻ ചെറിയാനായിരിക്കും കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി.
തദ്ദേശതിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ കാഴ്ച വച്ച മികച്ച പ്രകടനത്തിൻറെ ആത്മവിശ്വാസത്തിലാണ് വിഫോർ കൊച്ചി. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് വിഫോർ വളരെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നത്. പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോർ കൊച്ചി ആയിരുന്നു കൊച്ചി കോർപറേഷനിൽ ഇരുപതോളം ഡിവിഷനുകളിൽ ജയപരാജയങ്ങൾ നിശ്ചയിച്ചത്.
പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് കൊച്ചി മണ്ഡലത്തിൻറെ ഭാഗമായ കോർപറേഷൻ ഡിവിഷനുകളിൽ സംഘടന നേടിയത്. കൊച്ചി മണ്ഡലത്തിൽ വളരെ നേരത്തെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് ഈ സാഹചര്യത്തിലാണ്.
കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മൽസരിക്കുമെന്ന് വിഫോർ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ, സംഘടനകളുമായി ചേർന്ന് കേരളമൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാൻ വിഫോർ സമാന ചിന്താഗതിയുള്ള സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.