
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒരൊറ്റ ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന മരണ നിരക്കാണിത്. 29,861 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 45,720 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ വര്‍ധനയുണ്ട്. 3,50,823 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഏഴ് ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.
ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 രാജ്യത്ത് ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ആണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ആണ്.പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിന മരണത്തിലും വൻവർധന രേഖപ്പെടുത്തി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 29,525 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ കേസുകളുടെ 64.57 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 3,37,607 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. 1,26,323 കോവിഡ് രോഗികളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. വരും ദിവസങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം സമ്പൂര്‍ണലോക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ രാജ്യത്തെ രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയർന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 29,557 പേരാണ് രോഗമുക്തരായിട്ടുള്ളത്.