

ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. രോഗബാധയെ തുടര്‍ന്ന് കൊവിഡ് കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കണക്കുകള്‍ പ്രകാരം ലോകത്ത് 1,00,80,224 പേര്‍ രോഗ ബാധിതരായി. 5,01,262 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 54,57,945 പേര് ഇതിനകം രോഗമുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നരലക്ഷത്തോളം രോഗികളാണ് ഉണ്ടായത്. ജൂണ്‍ 26നാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 1,94,190 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗബാധ കണ്ടെത്തിയിരുന്നു.ചൈനയിലെ വുഹാനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം ആറ് മാസമാകുമ്പോള്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടിയും മരണ സംഖ്യ അഞ്ച് ലക്ഷവും കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മാത്രം 4,461 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചിരിക്കുന്നത്. ലോകത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. ഇന്നലെ മാത്രം അര ലക്ഷത്തോളം പേര്‍ക്കാണ് യു എസില്‍ കോവിഡ് സ്ഥിരീകരിച്ചത്.
അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊറോണ രോഗബാധ നിയന്ത്രിക്കാനാവാത്ത വിധം കൂടുന്നത്. ശനിയാഴ്ച മാത്രം ഏറ്റവുമധികം രോഗികള്‍ ഉണ്ടായത് അമേരിക്കയിൽ മരണ നിരക്കും പ്രതിദിനം വര്‍ദ്ധിച്ച് വരുകയാണ്.
ലോകത്ത് 41 ലക്ഷം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരിൽ ഒരു ശതമാനം രോഗികളുടെ നില അതീവ ഗുരുതരമാണ്. അതായത് 57,748 രോഗികൾ മരണത്തോടെ മല്ലടിക്കുന്നു. 54,57,945 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും. 5,01,262 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പറയുന്നു.
24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. യുഎസില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 25,96,537 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. 1,28,152 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ബ്രസീലിൽ, 13 ലക്ഷം രോഗികളാണ് ഉള്ളത്. നിലവില്‍ 57,103 പേര്‍ക്കാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 715,905 പേര്‍ക്ക് രാജ്യത്ത് രോഗമുക്തിയുണ്ടായി. 542,933 ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു.
കൊവിഡ് രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ ആണ് റഷ്യയും ഇന്ത്യയും. റഷ്യയില്‍ ആറേകാല്‍ ലക്ഷവും ഇന്ത്യയില്‍ അഞ്ചേകാല്‍ ലക്ഷവുമാണ് കൊവിഡ് ബാധിതരുടെ എണ്ണം. ശനിയാഴ്ചയാണ് ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടത്.
ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തിയതും.
Post Your Comments