

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കോവിഡ് കേസുകൾ ഓരോ ദിവസവും പെരുകുകയാണ്. മൊത്തം കോവിഡ് കേസുകൾ ഏഴ് ലക്ഷത്തിലേക്കും മരണം ഇരുപതിനായിരത്തിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,52402 ആണ്. 4,24,885 പേർക്കാണ് അസുഖം ഭേദമായത്. രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയർന്നു.അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ.
മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 6555 പുതിയ കേസുകളടക്കം മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ 2,06619ഉം പുതിയ 151 മരണമടക്കം ആകെ മരണം 8,822 ഉം ആയി. പുതിയ പതിനെട്ട് മരണങ്ങളടക്കം ഗുജറാത്തിലെ കോവിഡ് മരണങ്ങൾ രണ്ടായിരത്തോടടുക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനത്തിൽ മുൻനിരയിലുള്ള പൊലീസിലും വിവിധ സേന വിഭാഗങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ബിഎസ്എഫ്, ഐടിബിപി സേനാ വിഭാഗങ്ങളിലായി 54 പേ൪ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കോവിഡ് ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. 99, 444 കോവിഡ് കേസുകളാണ് ഇതിനകം റിപ്പോ൪ട്ട് ചെയ്തത്. മരണം 3067ഉം. രാജ്യത്തെ വിവിധ ജയിലുകളും കോവിഡ് ബാധയുടെ പിയൂഡിയിലാണ്. പഞ്ചാബ് ലുധിയാനയിലെ സെൻട്രൽ ജയിലിൽ ഞായറാഴ്ച 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പതിനായിരത്തിലേറെ കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ ദില്ലി ഛത്തര്‍പൂരിലെ സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. 10 ശതമാനം കിടക്കകള്‍ക്ക് ഓക്‌സിജന്‍ സൗകര്യമുണ്ട്. കോവിഡ് സെന്ററിന്റെ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസിനാണ്.
Post Your Comments