

എറണാകുളം നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെങ്കിലും ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ മാത്രമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടേണ്ടിവരും. എറണാകുളത്തേക്കാള്‍ ഗുരുതരമായ അവസ്ഥ ആലുവയിലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലുവ, ചമ്ബക്കര മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം നാളെ പോലീസ് സാന്നിധ്യത്തില്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒരു സമയം എത്ര പേര്‍ക്ക് നില്‍ക്കാം എന്ന കാര്യത്തില്‍ ഉള്‍പ്പെടെ പോലീസ് നിര്‍ദേശം നല്‍കും. ചില്ലറ വില്‍പന അനുവദിക്കില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളത്ത് തിങ്കളാഴ്ച പുതുതായി ആറ് കണ്ടെയ്മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകളും മൂന്നാം വാര്‍ഡിലെ മുനമ്ബം ഫിഷിങ് ഹാര്‍ബറും മാര്‍ക്കറ്റും, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുമാണ് നിയന്ത്രിത മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കിയി രിക്കുകയാണ്. കലൂര്‍, കടവന്ത്ര, വരാപ്പുഴ മാര്‍ക്കറ്റുകള്‍ പരിശോധിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ബസ് സ്റ്റോപ്പുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
Post Your Comments