CovidKerala NewsLatest NewsNews

കോവിഡ് വാക്‌സിന് സ്വീകരിച്ചിട്ട് ഒരു ദിവസം മാത്രം,കൊല്ലത്ത് നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം ആശുപത്രിയില്‍ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ത്ഥത്തില്‍ സുജ ആണ് മരിച്ചത്. ഇവര്‍ക്ക് 52 വയസ് ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ ഉടന്‍ തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗി ആയിരുന്നു ഇവര്‍.

പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തല്‍ എന്നാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജ്യത്ത് ജനുവരി 16ന് ആയിരുന്നു കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മൂന്നുകോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുക. പിന്നാലെ 50 വയസിന് മുകളിലുള്ളവരെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും പരികഗണിക്കും. കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുമ്ബായി സംസ്ഥാനത്തും രാജ്യത്തും ഡ്രൈ റണ്‍ നടത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button